കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ ദുരന്തത്തെ തുടർന്ന് നിറുത്തലാക്കിയ ശസ്ത്രക്രിയകൾ പുന:രാരംഭിക്കാൻ പകരം സംവിധാനം ഏർപ്പെടുത്തി. പുതിയ കാഷ്വാലിറ്റി ബ്ളോക്കിൽ നാലു ടേബിളുകളിൽ ശസ്ത്രക്രിയ നടത്തും. അതേസമയം കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ ശസ്ത്രക്രിയോ ബ്ളോക്കിന്റെ പ്രവർത്തനം സെപ്തംബറിനുള്ളിൽ പൂർണ സജ്ജമാകും. ആശുപത്രിയിൽ ഇടിഞ്ഞു വീണ മൂന്നുനില കെട്ടിടത്തിലായിരുന്നു ഓർത്തോ ഉൾപ്പെടെയുള്ള പ്രധാന ശസ്ത്രക്രിയകൾ നടത്തിയിരുന്നത്. കെട്ടിടം പൂർണമായും ഒഴിപ്പിച്ചതോടെയാണ് താത്കാലിക സംവിധാനം ഏർപ്പെടുത്തിയത്. 10 ശസ്ത്രക്രിയാ ടേബിളുകളാണുണ്ടായിരുന്നത്. നാലുടേബിളുകൾ അത്യാഹിത വിഭാഗത്തിലും ബാക്കി ട്രോമ കെയർ വിഭാഗത്തിലും സജ്ജമാക്കും.
ഇന്ന് മുതൽ പുന:രാരംഭിക്കും
പുതിയ ശസ്ത്രക്രിയാ ബ്ളോക്ക് പ്രവർത്തനം ആരംഭിക്കും വരെ പരിമിതികളുണ്ടാകുമെങ്കിലും ഇന്ന് മുതൽ മുടങ്ങിയ ശസ്ത്രക്രിയകൾ അത്യാഹിത വിഭാഗത്തിൽ പുന:രാരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ. നേരത്തെ തീയതി നിശ്ചയിച്ച ശസ്ത്രക്രിയകൾ മുൻഗണനാക്രമം അനുസരിച്ച് ആരംഭിക്കും. നാലു ശസ്ത്രക്രിയകൾ ഒരേ സമയം ചെയ്യാനാകും. പഴയ സർജിക്കൽ ബ്ളോക്കിലെ ഉപകരണങ്ങളും ഫർണിച്ചറുകളും പുതിയ ബ്ളോക്കിലേയ്ക്ക് മാറ്റുന്ന പ്രവർത്തനവും ഊർജ്ജിതമായി നടക്കുകയാണ്.
നവമിയ്ക്ക് മാനസിക പിന്തുണയേകും
കെട്ടിടമിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയുടെ തുടർ ചികിത്സ ന്യൂറോ വിഭാഗത്തിൽ ഇന്ന് മുതൽ ആരംഭിക്കും. അമ്മയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക മാനസിക പിന്തുണ നൽകി ചികിത്സ ഉറപ്പാക്കാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |