ചിറ്റൂർ: താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള പ്രാരംഭ നടപടി തുടങ്ങി. കെട്ടിടത്തിന്റെ നിർമ്മാണ നിർവഹണച്ചുമതല വഹിക്കുന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽവരുന്ന ഹൈറ്റ്സ് കെട്ടിടത്തിൽ പ്രവർത്തിക്കാൻ താത്കാലികാനുമതി നൽകിയിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒന്നരമാസം പിന്നിട്ടിട്ടും പുതിയകെട്ടിടം പ്രവർത്തനം ആരംഭിച്ചിട്ടില്ലായിരുന്നു. എന്നാൽ, കോട്ടയം ആശുപത്രി കെട്ടിടം തകർന്ന് ഒരു ജീവൻ പൊലിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ തിരക്കിട്ട തീരുമാനം. തിങ്കളാഴ്ച മുതൽ പുതിയ കെട്ടിടത്തിൽ ഒപി പ്രവർത്തനം തുടങ്ങുമെന്നും താലൂക്കാശുപത്രി സൂപ്രണ്ട് അനിൽകുമാർ പറഞ്ഞു. പൊളിച്ചുകളയാൻ തീരുമാനിച്ചിരുന്ന പഴയ കെട്ടിടത്തിലുള്ള സ്ത്രീകളുടെ വാർഡിലുണ്ടായിരുന്നവരെ ശനിയാഴ്ച പുതിയകെട്ടിടത്തിന് സമീപം സ്ത്രീകൾക്കും കുട്ടികൾക്കുമായി പൂർത്തിയാക്കിയ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. പുതിയകെട്ടിടത്തിൽ തിങ്കളാഴ്ചമുതൽ ഒപി മാത്രമാണ് മാറ്റുക. കാഷ്വാലിറ്റിയുടെ പ്രവർത്തനം ഘട്ടംഘട്ടമായി മാറ്റാനാണ് തീരുമാനം. പുതിയ കെട്ടിടത്തിൽ ജനറൽ, മെഡിസിൻ, സർജറി, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ്, ഒഫ്താൽമോളജി, ഇ എൻ ടി എന്നീ ഒപി വിഭാഗങ്ങളാണ് തിങ്കളാഴ്ചമുതൽ പ്രവർത്തിച്ചു തുടങ്ങുക. ഇതുവരെയായും ജനറേറ്റർ കമ്മിഷൻചെയ്ത് കിട്ടാത്തതും തടസ്സമാകുന്നു. നിലവിൽ പുതിയ കെട്ടിടത്തിൽ പ്ലംബിംഗ്, ഇലക്ട്രിക്കൽ, സിസിടിവി, ഓഡിയോ വീഡിയോ സംവിധാനങ്ങൾ, അഗ്നിരക്ഷാ സംവിധാനങ്ങൾ, വൈദ്യുതി സബ് സ്റ്റേഷൻ കെട്ടിടം, മോർച്ചറിക്കെട്ടിടം എന്നിവയുടെ പ്രവൃത്തിയാണ് പൂർത്തിയാക്കിയിട്ടുള്ളത്.എക്‌സ്രേ, സിടി സ്‌കാൻ പോലുള്ള മെഡിക്കൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനായി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ പ്രത്യേക അനുമതിയും ലഭിക്കേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |