കാസർകോട്: പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷനിലൂടെ മുതിർന്നവർക്കായി നടത്തുന്ന ഹയർ സെക്കൻഡറി തുല്യത കോഴ്സിന്റെ ഒന്നും രണ്ടും വർഷത്തെ പരീക്ഷകൾ 10 മുതൽ ജില്ലയിലെ ഒൻപത് പരീക്ഷാ കേന്ദ്രങ്ങളിലായി നടക്കും. കഴിഞ്ഞ 10 മാസമായി എല്ലാ അവധി ദിവസങ്ങളിലുമായി പഠിതാക്കൾക്ക് ക്ലാസ്സുകൾ നൽകിയിരുന്നു.
മഞ്ചേശ്വരം എസ്.എ.ടി.എച്ച്.എസ്.എസ്, മുള്ളേരിയ ജി.എച്ച്.എസ്.എസ്, കുമ്പള ജി.എച്ച്.എസ്.എസ്, കാസർകോട് ബി.ഇ.എം.എച്ച്.എസ്.എസ്, കാസർകോട് ജി.എച്ച്.എസ്.എസ്, ചായ്യോത്ത് ജി.എച്ച്.എസ്.എസ്, ഹോളി ഫാമിലി എച്ച്.എസ്.എസ് രാജപുരം, കുട്ടമത്ത് ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ.
കാസർകോട് ജി.എച്ച്.എസ്.എസിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത്. 237 പഠിതാക്കൾ ഇവിടെ പരീക്ഷ എഴുതും. പരീക്ഷ എഴുതുന്ന പഠിതാക്കൾ നിശ്ചിത സമയത്ത് തന്നെ ഹാൾ ടിക്കറ്റുകൾ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് കൈപ്പറ്റണമെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി.എൻ ബാബു അറിയിച്ചു.
കാസർകോട്ട് പരീക്ഷ എഴുതാൻ 990 മുതിർന്നവർ
ഹയർ സെക്കൻഡറി തുല്യത ഒന്നാം വർഷത്തിന് 447 പേരാണ് പരീക്ഷ എഴുതുന്നത്. 387 പേർ ഹ്യുമാനിറ്റീസിലും 60പേർ കൊമേഴ്സ് വിഷയങ്ങളിലും 89 പേർ കന്നട മീഡിയത്തിലും പരീക്ഷ എഴുതും. 140 പുരുഷൻമാരും 307 സ്ത്രീകളും 15 പട്ടികജാതി, ഒൻപത് പട്ടിക വർഗ്ഗ, രണ്ട് ഭിന്നശേഷിക്കാരുമാണ് ഒന്നാം വർഷ പരീക്ഷ എഴുതുക. രണ്ടാം വർഷത്തിന് 543 മുതിർന്നവർ പരീക്ഷ എഴുതും. 488 പേർ ഹ്യമാനിറ്റീസിലും 55 പേർ കൊമേഴ്സ് വിഷയങ്ങളിലും 103 പേർ കന്നഡ മീഡിയത്തിലും പരീക്ഷ എഴുതുന്നു. 170 പുരുഷന്മാരും 372 സ്ത്രീകളും ഒരു ട്രാൻസ്‌ജെന്റർ വ്യക്തിയും 18 പട്ടികജാതി, നാല് പട്ടിക വർഗ്ഗ, എഴ് ഭിന്നശേഷിക്കാരും 61 ആശാ വർക്കർമാരുമാണ് രണ്ടാം വർഷ പരീക്ഷ എഴുതുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |