മാന്നാർ: അഞ്ചടി പൊക്കമുള്ള ഓട്ടുവിളക്കുകളിൽ ഏഴുതിരികൾ തെളിച്ച് ഉദ്ഘാടന മഹാമഹം നടത്തിയിരുന്ന വേദികൾ രാജന്റെ കുരുത്തോല വിളക്കുകൾക്ക് വഴി മാറുകയാണ്. മാന്നാർ കുളഞ്ഞിക്കാരാഴ്മ പുത്തൻപുരയ്ക്കൽ തെക്കേതിൽ അമ്പതുകാരനായ കെ.രാജന്റെ കരവിരുതിലാണ് മനോഹരമായ കുരുത്തോല വിളക്കുകൾ ഒരുങ്ങുന്നത്. പ്ലൈവുഡിൽ നിർമ്മിച്ച അടിത്തറയിൽ നാട്ടിയ കമ്പിയിൽ സ്ഥാപിച്ച വാഴപ്പിണ്ടിയിൽ എണ്ണയൊഴിച്ച് തിരിതെളിക്കാനുള്ള കാലുകൾ ഉറപ്പിക്കും. തുടർന്ന്, കുരുത്തോലയും പച്ച ഓലയും ചേർത്തുള്ള വർണ്ണങ്ങൾ സന്നിവേശിപ്പിച്ച് അലങ്കരിക്കുന്നതോടെ സംഭവം സൂപ്പറാകും! അഞ്ചോ, ആറോ മണിക്കൂറുകൾ വേണം ഇത്രയും അലങ്കാരമൊരുക്കാൻ.
ചെങ്ങന്നൂരിന്റെ ഉത്സവമായി മാറിയ, മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടന്ന സരസ് മേളയിലായിരുന്നു രാജന്റെ കുരുത്തോല വിളക്കിന്റെ അരങ്ങേറ്റം. മെഗാസ്റ്റാർ മോഹൻലാൽ വിശിഷ്ടാതിഥിയായ ചടങ്ങിൽ മന്ത്രി എം.ബി രാജേഷായിരുന്നു അന്ന് കുരുത്തോല വിളക്ക് തെളിച്ച് ഉദ്ഘാടനം നിർവഹിച്ചത്. ഇക്കഴിഞ്ഞ മഹാത്മാഗാന്ധി സർവകലാശാല കലോൽസവത്തിന് തിരിതെളിഞ്ഞതും കുരുത്തോല വിളക്കിലായിരുന്നു.
കഴിഞ്ഞ ദിവസം ചെങ്ങന്നൂരിൽ നടന്ന എം.എൽ.എ പ്രതിഭാ പുരസ്കാര ചടങ്ങും രാജന്റെ കുരുത്തോല വിളക്കിൽ തിരി തെളിച്ചായിരുന്നു സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം നിർവഹിച്ചത്.
ആറന്മുള സഹകരണ എൻജിനിയറിംഗ് കോളേജിൽ മെക്കാനിക്കൽ ട്രേഡ് ഇൻസ്ട്രക്ടറായി ജോലിചെയ്യുന്ന രാജന്, കാർപെന്റർ ജോലികളും വശമായതിനാൽ ഓരോ ഉദ്ഘാടന ചടങ്ങുകൾക്കും വ്യത്യസ്ത ഡിസൈനിൽ പ്ലൈവുഡിൽ അടിത്തറ ഒരുക്കിയാണ് കുരുത്തോല വിളക്കുകൾ ആകർഷകമാക്കുന്നത്.
ഓലച്ചമയത്തിൽ ഒന്നാമൻ!
വിവാഹ, ഉത്സവ ആഘോഷങ്ങളിലും രാജന്റെ നേതൃത്വത്തിൽ ഓലച്ചമയങ്ങൾ ഒരുക്കാറുണ്ട്.
മാന്നാർ കുരട്ടിക്കാട് പാട്ടമ്പലത്തിലെ അൻപൊലി അരീപ്പറ മഹോത്സവത്തിനും മഹാശിവരാത്രി മഹോത്സവത്തിന് മാന്നാർ തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിലും ഓലച്ചമയം കൊണ്ട് രാജൻ വിസ്മയം ഒരുക്കിയിരുന്നു. ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലുമുള്ള ക്ഷേത്രോത്സവങ്ങളിൽ രാജനും ടീമും ഒരുക്കുന്ന ഓലച്ചമയങ്ങൾ അഭിവാജ്യ ഘടകമായി മാറിയിരിക്കുകയാണ്. രാജനോടൊപ്പം സഹോദരൻ കെ.രമേശൻ, സിനിമയിൽ കലാസംവിധാനം ഒരുക്കുന്ന ബൈജി എരുമേലി, സന്തോഷ് ശ്രീരാഗം, ജയൻ തോട്ടപ്പള്ളി എന്നിവരുൾപ്പെടുന്ന സംഘമാണ് ഓലച്ചമയങ്ങൾ ഒരുക്കുന്നത്. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരിയാണ് രാജന്റെ ഭാര്യ. കോട്ടയം സി.എം.എസ് കോളേജിലെ ഭൗതികശാസ്ത്രം അവസാനവർഷ ബിരുദ വിദ്യാർത്ഥിനി അനന്തലക്ഷ്മി മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |