കാളികാവ്: രണ്ടു മാസത്തോളം മലയോര മേഖലയെ ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിലായി. താത്ക്കാലിക സമാധാനമായെങ്കിലും ഭീതിയൊഴിയാതെ തൊഴിലാളികൾ. കാടുമൂടിയ റബർ, കവുങ്ങ് തോട്ടങ്ങളാണ് കാരണം. റബർ മരങ്ങൾക്കിടയിലെ ഇടക്കാടുകളാണ് പ്രധാന ഭീഷണി. സാധാരണ ഉത്പാദനം കഴിഞ്ഞ റബർ മരങ്ങൾ സ്ലോട്ടർ ടാപ്പിംഗിന് പാട്ടത്തിനു നൽകുകയാണ് പതിവ്. ഇത്തരം തോട്ടങ്ങളിലാണ് പരസ്പരം കാണാൻ കഴിയാത്ത നിലയിൽ ഇടക്കാടുകൾ വളർന്നിട്ടുള്ളത്.
ഇത്തരം കാടുകളിൽ കടുവയോ പുലിയോ ആനയെപ്പോലുമോ കാണാൻ കഴിയാത്ത അവസ്ഥയാണ്. ഇവിടങ്ങളിൽ
ജോലി ചെയ്യുന്നത് ഏറെ അപകടകരവുമാണ്. അടക്കാക്കുണ്ട് റാവുത്തൻ കാട്ടിൽ ഇങ്ങനെയുള്ള ഒരു തോട്ടത്തിൽ നിന്നാണ് തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്നത്.
ചെറുമരങ്ങളുള്ള തോട്ടത്തിലെ അടിക്കാടുകൾ തോട്ടം ഉടമകൾ കൊല്ലത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം വെട്ടിമാറ്റും. ഇത് കാരണം അകലത്തിലുള്ള ഏത് ജീവിയേയും കാണാനാകും.
സ്ലോട്ടർ ടാപ്പിംഗിന് പാട്ടത്തിനു കൊടുത്താൽ പിന്നെ തോട്ടമുടമ കാട് വെട്ടാൻ പണം ചെലവാക്കില്ല. പാട്ടത്തിനെടുത്തയാളാകട്ടെ അധികച്ചെലവ് എന്നതിനാൽ കാട് വെട്ടാനും മെനക്കെട്ടില്ല. ഇതാണ് കാട് വളരാൻ ഇടയാക്കുന്നത്. മലയോരത്ത്
ഇത്തരം തോട്ടങ്ങൾ ധാരാളമുണ്ട്. ഇതിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഭീഷണി നേരിടുന്നത്. ചിലയിടങ്ങളിൽ ടാപ്പിംഗ് ജോലി ചെയ്യുന്നത് അന്യ സംസ്ഥാന തൊഴിലാളികളുമാണ്. ഇവർക്കാകട്ടെ മേഖലയിലെ വന്യ മൃഗ ഭീഷണിയെ പറ്റി അറിയുകയുമില്ല.
ഏറെ അപകടകരം
വനാതിർത്തിയോട് ചേർന്ന തോട്ടങ്ങളിലെ സ്ഥിതിയാണ് ഏറെ അപകടകരം .
ചോക്കാട് കരുളായി മുതൽ കരുവാരക്കുണ്ട് വരെയുള്ള വനമേഖല സൈലന്റ് വാലിയോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സ്ഥലങ്ങളാണ്.
കഴിഞ്ഞ പത്തു വർഷത്തിനിടെ ഈ മേഖലയിൽ വന്യ മൃഗങ്ങളുടെ പെരുപ്പം ഇരട്ടിയിലധികമായതായി നാട്ടുകാർ പറയുന്നു. ഒരു വർഷം മുമ്പ് തന്നെ കടുവ ഭീഷണി നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചിരുന്നു. നടപടിയുണ്ടായത് ഒരാൾ കടുവയാക്രമണത്തിൽ കൊല്ലപ്പെട്ട ശേഷം മാത്രമാണ്.
വന്യമൃഗശല്യം കാരണം കൃഷിയും തോട്ടവും ഉപേക്ഷിച്ച് പോയവരും ഏറെയുണ്ട്.
ഒന്നിലേറെ കടുവകളും പുലികളും കരുവാരക്കുണ്ട് മേഖലയിൽ ഉള്ളതായാണ് നാട്ടുകാർ പറയുന്നത്.
കഴിഞ്ഞ വർഷം കരുവാരക്കുണ്ട് പാന്തറയിൽ കടുവയും നാലു കുഞ്ഞുങ്ങളും നടന്നു നീങ്ങുന്നതു കണ്ടതായും നാട്ടുകാർ പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |