നടപടി കേരളകൗമുദി വാർത്തയ്ക്ക് പിന്നാലെ
തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ അമ്മയും കുഞ്ഞും ബ്ലോക്ക് പ്രവർത്തന സജ്ജമാക്കാൻ 12.5 കോടി രൂപ അനുവദിച്ച് സർക്കാർ. കിഫ്ബിയിലൂടെയാണ് പണം അനുവദിച്ചത്. പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒൻപത് വർഷമായിട്ടും ജനങ്ങൾക്ക് ഉപകാരപ്പെടാതെ നശിക്കുന്ന വാർത്ത കേരളകൗമുദി കഴിഞ്ഞമാസം 24ന് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് നടപടികൾക്ക് വേഗം കൂടിയത്.
ആറുമാസത്തിനുള്ള കെട്ടിടം പൂർണമായി തുറന്ന് നൽകാനാണ് ശ്രമിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കേരളകൗമുദി വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കേസെടുത്തിരുന്നു. കെട്ടിടം അടിയന്തരമായി തുറക്കണമെന്ന് കമ്മീഷൻ ചെയർമാൻ എ.എ.റഷീദ് നിർദ്ദേശം നൽകിയിരുന്നു. നിർമ്മാണം പൂർത്തിയാക്കുന്നതിനുള്ള പണമില്ലാത്തതിനാൽ എൻ.എച്ച്.എം 30 കോടി മുടക്കി പണിത കെട്ടിവും അതിൽ സ്ഥാപിച്ച ഉപകരണങ്ങളും നശിക്കുന്ന സ്ഥിതിയായിരുന്നു.
വേഗം കൂടി
റാമ്പ് നിർമ്മിക്കുന്നതിനും ഫയർ ആൻഡ് സേഫ്ടി അനുമതിക്കാവശ്യമായ മറ്റ് പണികളും പൂർത്തിയാക്കുന്നതിന് വേണ്ടിയാണിത്. എച്ച്.എൽ.എൽ ഹൈറ്റ്സിനാണ് നിർമ്മാണച്ചുമതല. പണം അനുവദിച്ചതിന് പിന്നാലെ തുടർനടപടികൾക്കായി എച്ച്.എൽ.എൽ ടെൻഡർ വിളിച്ചു. ഇതുപ്രകാരം കമ്പനിയുമായി കരാറിലേർപ്പെട്ട് നിർമ്മാണം ഉടൻ ആരംഭിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
ഉദ്ഘാടനം കഴിഞ്ഞെങ്കിലും
2016 ഫെബ്രുവരി 15ന് ഉമ്മൻചാണ്ടി കെട്ടിടം ഉദ്ഘാടനം ചെയ്തു.അവശേഷിച്ചിരുന്ന പണികൾക്കുശേഷം പിണറായി വിജയൻ 2017ന് മേയ് 24ന് കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം നടത്തി. പിന്നാലെ താഴത്തെ നിലയിൽ ഗൈനക്കോളജി ഒ.പി ആരംഭിച്ചതല്ലാതെ തുടർനടപടികളുണ്ടായില്ല. 66,000 ചതുരശ്രയടിയിൽ അത്യാധുനിക സംവിധാനങ്ങളോടെ പണിത ലേബർ റൂം,നവജാത ശിശുക്കളുടെ ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവ തുരുമ്പെടുത്ത് നശിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |