തിരുവനന്തപുരം: സർവകലാശാലകളിൽ കാവിവത്കരണമെന്ന് ആരോപിച്ചും വി.സിയുടെ നടപടികൾക്കെതിരെ പ്രതിഷേധിച്ചും യുവജന സംഘടനകൾ സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചുകളിൽ സംഘർഷം. എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ്,ഡിവൈ.ഐ.എഫ്.ഐ എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. രാത്രി കേരള വി.സി മോഹനൻ കുന്നുമേലിന്റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചും നേരിയ സംഘർഷത്തിൽ കലാശിച്ചു. ഇവിടെ പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി.
കേരള സർവകലാശാല ആസ്ഥാനത്തേക്ക് രാവിലെ ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. മുദ്രാവാക്യവുമായി എത്തിയ നൂറുകണക്കിന് പ്രവർത്തകരെ പ്രധാന കവാടത്തിനുമുന്നിൽ പൊലീസ് തടഞ്ഞു. ഗേറ്റ് മറികടക്കാൻ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് മാർച്ച് ഉദ്ഘാടനം ചെയ്തു. ചാൻസലർ കൂടിയായ ഗവർണർ ആർ.എസ്.എസ് ഏജന്റായി മാറുകയാണ്, നിയമവിരുദ്ധ നടപടികൾ തുടർന്നാൽ വി.സിയുടെ ചേംബറിലിരുന്ന് സമരം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.അനൂപ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ,സംസ്ഥാന കമ്മിറ്റി അംഗം വി.എസ്.ശ്യാമ തുടങ്ങിയവർ പങ്കെടുത്തു.
ഇതിനിടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച എ.ഐ.എസ്.എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. തുടർന്ന് എ.ഐ.വൈ.എഫ് നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. അഞ്ചുതവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാത്തെ പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു. പ്രസിഡന്റ് കണ്ണൻ എസ്.ലാൽ,ജില്ലാ സെക്രട്ടറി ആദർശ് കൃഷ്ണ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ, ആഥേശ് സുദർമ്മൻ എന്നിവരുടെ നേതൃത്വത്തിൽ കെ.എസ്.യു പ്രതിഷേധ പ്രകടനം നടത്തി. സർവകലാശാലയിൽ ഗവർണർ - സർക്കാർ ഒത്തുകളിയാണെന്ന് ആരോപിച്ച് കെ.എസ്.യു ആസ്ഥാനത്തിനകത്ത് ബാനറും കെട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |