പ്രത്യേക മേൽനോട്ട സമിതി വേണമെന്ന് ഹൈക്കോടതി
കൊച്ചി: പെരിയാർ നദിയുടെ പുനരുദ്ധാരണം വരും തലമുറകളോട് ചെയ്യേണ്ട നീതിയാണെന്ന് ഹൈക്കോടതി . പെരിയാറിലെ മലിനീകരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് പരാമർശം നടത്തിയത്.
കൊച്ചിയുടെ ജലധാരയായ നദിയിൽനിന്നാണ് നഗരത്തിൽ കുടിവെള്ളമെത്തുന്നത്. നദി മലിനമായി തുടരുന്നത് പൊതുജനാരോഗ്യത്തിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രത്യേക മേൽനോട്ട അതോറിട്ടി വേണം
പെരിയാറിനായി ഒരു പ്രത്യേക മേൽനോട്ട അതോറിട്ടിയാണ് ഉചിതമെന്നും ഇതിൽ നിലപാടറിയിക്കണമെന്നും കോടതി നേരത്തെ സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ, റിവർ ബേസിൻ പ്ലാൻ വിജ്ഞാപനം ചെയ്ത സാഹചര്യത്തിൽ പെരിയാറിന് മാത്രമായി അതോറിട്ടി പരിഗണനയിലില്ലെന്ന് സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചു. തുടർന്നാണ് പ്രവർത്തനശൈലി എന്തായാലും പരിഹാരമുണ്ടായാൽ മതിയെന്ന് കോടതി വ്യക്തമാക്കിയത്. പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾ അവസാനിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
റിപ്പോർട്ടുകൾ പരിശോധിക്കണം
പെരിയാർ വിഷയത്തിൽ തദ്ദേശ സ്ഥാപനങ്ങളും മലിനീകരണ നിയന്ത്രണ ബോർഡും ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയും മുന്നോട്ടുവച്ച വിവിധ റിപ്പോർട്ടുകളുണ്ട്. ഇതെല്ലാം പരിഗണിച്ചുവേണം പരിഹാരമെന്ന് കോടതി നിർദ്ദേശിച്ചു. സർക്കാരിന്റെ തീരുമാനം പ്രഥമദൃഷ്ട്യാ സ്വാഗതാർഹമാണെന്നും, ഫലപ്രാപ്തിയാണ് പ്രധാനമെന്നും ഡിവിഷൻബെഞ്ച് ആവർത്തിച്ചു. കുഴിക്കണ്ടം തോടിന്റെ ശോച്യാവസ്ഥയും കോടതിയുടെ പരിഗണനയ്ക്ക് വന്നു. പുതിയ പ്ലാൻ പ്രകാരം നദികളുടെ കൈവഴികളും പുനരുദ്ധരിക്കുമെന്നായിരുന്നു സർക്കാരിന്റെ മറുപടി.
സമഗ്ര പ്ലാൻ വിജ്ഞാപനം ചെയ്തെന്ന് സർക്കാർ
പരിഹാരമില്ലെങ്കിൽ തലകൾ ഉരുളും
സമഗ്ര പ്ലാനും ഹൈക്കോടതിയുടെ മുന്നറിയിപ്പും
സംസ്ഥാനത്തെ നദികളുടെ ശുചീകരണത്തിനും പുനരുദ്ധാരണത്തിനുമായി സമഗ്ര നദീതട സംരക്ഷണ, മേൽനോട്ട പദ്ധതി വിജ്ഞാപനം ചെയ്തതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രി അദ്ധ്യക്ഷനായ പരമോന്നത സമിതിയടക്കം വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
പ്രവർത്തനം ഏതു തരത്തിലായാലും ഫലപ്രാപ്തിയുണ്ടായാൽ മതിയെന്ന് വ്യക്തമാക്കിയ കോടതി, അല്ലാത്തപക്ഷം തലകൾ ഉരുളുമെന്നും സമിതിയുടെ തലപ്പത്തുള്ളവരടക്കം ഹാജരായി വിശദീകരിക്കേണ്ടി വരുമെന്നും വാക്കാൽ മുന്നറിയിപ്പ് നൽകി. കർമ്മപദ്ധതി എങ്ങനെ പ്രാവർത്തികമാക്കുമെന്ന് വിശദമായ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |