പാലോട്: പരിശോധനകൾ ശക്തമാക്കിയെങ്കിലും രാത്രികാലങ്ങളിലെ മാലിന്യം തള്ളലിന് അറുതിവന്നിട്ടില്ല. നന്ദിയോട് പഞ്ചായത്തിന്റെ പ്രധാന റോഡുകളിൽ ക്യാമറ സ്ഥാപിച്ചതോടെ മാലിന്യം തള്ളൽ മൈലമൂട് പാലോട് റോഡിലേക്ക് മാറ്റി. ഈ ഭാഗങ്ങളിൽ സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തതും ക്യാമറകൾ സ്ഥാപിക്കാത്തതും ഇത്തരക്കാർക്ക് പ്രചോദനമായിരിക്കുകയാണ്. ചാക്കുകെട്ടുകളായാണ് അറവ്,ഹോട്ടൽ മാലിന്യങ്ങൾ തള്ളുന്നത്.
പാണ്ഡ്യൻപാറ മുതൽ സുമതി വളവുവരെ അർദ്ധരാത്രിയോടെ വാഹനങ്ങളിൽ കൊണ്ടുവരുന്ന ഇറച്ചി വേസ്റ്റുകൾ റോഡിലേക്കാണ് വലിച്ചെറിയുന്നത്. പാലോട് ഓയിൽ പാം റിസർച്ച് സെന്ററും മൃഗസംരക്ഷണവകുപ്പിന്റെ വാക്സിനുത്പാദിപ്പിക്കുന്ന കേന്ദ്രവുമുള്ള പ്രദേശം കൂടിയാണ് ഇവിടം. ഈ പ്രദേശത്തുൾപ്പെടെ മാലിന്യം കുന്നുകൂടുകയാണ്. നിരവധി തവണ മാലിന്യം തള്ളാനെത്തിയവരെയും മാലിന്യം എത്തിച്ച വാഹനങ്ങളെയും പിടിച്ചെടുത്ത് പിഴ ചുമത്തി വിട്ടിട്ടുണ്ട്.
സമീപകാലത്ത് പാലോട് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രാത്രികാല പരിശോധനയിൽ ആശുപത്രി മാലിന്യങ്ങളുമായി വാഹനത്തിൽ എത്തിയവരേയും നഗരസഭാ മാലിന്യവുമായെത്തിയ വാഹനവും ഉടമയേയും പിടികൂടി കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചു.വാഹനങ്ങൾ ഫോറസ്റ്റ് കസ്റ്റഡിയിലുമായി.
പരിശോധനയില്ല
യാതൊരു പരിശോധനയുമില്ലാതെ അധികൃതർ ലൈസൻസ് നൽകുന്ന മാലിന്യസംസ്‌കരണ സംവിധാനമില്ലാത്ത അറവുശാലകളിൽ നിന്നും പൗൾട്രി ഫാമുകളിൽ നിന്നും അർദ്ധരാത്രിയോടെ വാഹനങ്ങളിൽ മാലിന്യം കൊണ്ടിടുകയാണെന്നാണ് നാട്ടുകാരുടെ പരാതി. നന്ദിയോട്, പാങ്ങോട് പഞ്ചായത്തുകളുടെ പരിധിയിലുള്ള സ്ഥാപനങ്ങളാണ് കൂടുതലായും ഇവിടെ മാലിന്യം തള്ളുന്നത്.
പകർച്ചവ്യാധികൾക്ക് സാദ്ധ്യത
മഴ തുടങ്ങിയതോടെ മാർക്കറ്റുകളിലേയും ഹോട്ടലുകളിലെയും മാലിന്യം സമീപത്തെ കൈത്തോടുകളിൽ നിക്ഷേപിക്കുന്നത് ജനജീവിതം ദുസഹമാക്കുകയാണ്. ഈച്ചയും കൊതുകും പുഴുവും പെരുകി ദുർഗന്ധം വമിക്കുകയാണ്. തെരുവുനായ്ക്കളുടെ ശല്യം കാരണം കാൽനടയാത്രക്കാരും ബുദ്ധിമുട്ടിലാണ്.
കൈത്തോടുകളിലേക്ക് സെപ്ടിക് ടാങ്ക് മാലിന്യങ്ങളും രാത്രിയിൽ തുറന്നുവിടുന്നുണ്ട്. മഴക്കാല പൂർവ ശുചീകരണം അധികാരികൾ നടപ്പാക്കിയില്ലെന്നും ആക്ഷേപമുണ്ട്. പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികാരികളുടെ പരിശോധനകൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാട്ടുമൃഗങ്ങളുടെ ആക്രമണവും
മാലിന്യം തിന്നാനെത്തുന്ന കാട്ടുപന്നിയുൾപ്പെടെയുള്ള മൃഗങ്ങൾ യാത്രക്കാരെ ആക്രമിക്കുന്നത് പതിവാണ്. ഇരുചക്രവാഹന യാത്രക്കാരടക്കം ഭീതിയോടെയാണ് പോകുന്നത്. മാലിന്യം അഴുകി ദുർഗന്ധം വമിക്കുമ്പോൾ ഭക്ഷിക്കാനെത്തുന്ന കാട്ടുപന്നിയുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് ഗുരുതരമായി പരിക്കേൽക്കുന്നതും ജീവൻ നഷ്ടപ്പെടുന്നതും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |