അടൂർ : സംസ്ഥാന ഇന്റർ പോളി കലോത്സവത്തിൽ 153 പോയിന്റുമായി കൊട്ടിയം ശ്രീനാരായണ കോളേജിന്റെ മുന്നേറ്റം. 145 പോയിന്റ് നേടിയ തൃപ്രയാർ ശ്രീരാമ ഗവ.പോളിയാണ് രണ്ടാമത്. കലോത്സവം ഇന്ന് സമാപിക്കും. മൂകാഭിനയം, നാടോടി നൃത്തം, കഥാപ്രസംഗം, മോണോ ആക്ട്, വട്ടപ്പാട്ട് മത്സരങ്ങളാണ് ഇന്ന് നടക്കുക.
കാർത്തിക്ക് പാടി കല്യാണി രാഗത്തിൽ
അടൂർ : കേരളത്തിന്റെ സംഗീതസപര്യയ്ക്ക് പ്രശസ്തമായ പാലക്കാടിന്റെ മണ്ണിൽ നിന്ന് എത്തിയ കാർത്തിക്ക് കല്യാണി രാഗത്തിൽ രൂപക താളത്തിൽ "ഹിമാദ്രിസുതേ പാഹിമാം വരദേ പരദേവതേ "എന്ന ശ്രുതിമധുരമായ കീർത്തനം ആലപിച്ചുനേടിയത് ശാസ്ത്രീയ സംഗീതത്തിൽ മിന്നുംനേട്ടം. ലളിത ഗാനമത്സരത്തിൽ ദേവഗായികേ ഭാവ സംഗീത ദായികേ എന്ന ഗാനം ആലപിച്ചു സെക്കന്റ് എ ഗ്രേഡും കാർത്തിക്ക് സ്വന്തമാക്കിയിട്ടുണ്ട്. 12 വർഷമായി കാർത്തിക്ക് ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നുണ്ട്. സംഗീതജ്ഞനായ ഷാജി അയനിക്കാടാണ് കാർത്തിക്കിന്റെ ഗുരു. ഗായകനും വയലിനിസ്റ്റുമായ സഹോദരൻ രാജു പദ്മനാഭനാണ് സംഗീതമേഖലയിൽ ചെറുപ്പം മുതൽ തന്റെ പ്രചോദനമെന്ന് കാർത്തിക്ക് പറഞ്ഞു.
2021 ലെ ഐ ടി ഐ സംസ്ഥാന കലോത്സവ കലാപ്രതിഭ കൂടിയാണ്. പാലക്കാട് നൂറണി ഗ്രാമത്തിൽ സരസ്വതിയിൽ എസ്.വി പദ്മനാഭന്റെയും മൈഥിലിയുടെയും മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |