പത്തനംതിട്ട : മൂന്ന് പതിറ്റാണ്ടിന് ശേഷം സുബല പാർക്കിന് മോചനം. മേലെ വെട്ടിപ്പുറത്ത് നിർമ്മാണത്തിലുള്ള സുബല പാർക്കിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സാങ്കേതിക അനുമതിയായി. നഗരസഭ അമൃത് പദ്ധതിയിലൂടെ സമർപ്പിച്ച 75 ലക്ഷം രൂപയുടെ പദ്ധതിക്കാണ് അനുമതി. പത്തനംതിട്ട എൽ.എസ്.ജി.ഡി ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയറാണ് സാങ്കേതിക അനുമതി നൽകിയത്. പട്ടികജാതി വികസന വകുപ്പിന്റെ ഉടമസ്ഥതയിലാണ് പാർക്ക്. സുബല കോംപ്ലക്‌സിലെ പാർക്കിന്റെ തടാകത്തിനു ചുറ്റും സംരക്ഷണഭിത്തി കെട്ടുന്ന പ്രവർത്തി പൂർത്തീകരിക്കുന്നതിനും തടാകത്തിനു ചുറ്റും ടൈൽ പാകി നടപ്പാത നിർമ്മിക്കുന്നതിനുമാണ് നഗരസഭ പദ്ധതി തയ്യാറാക്കിയത്. പാർക്കിന്റെ പുനരുദ്ധാരണത്തിന് അമൃത് പദ്ധതിയിൽ സഹായം നൽകാമെന്ന് പട്ടികജാതി വകുപ്പിനെ നഗരസഭ അറിയിച്ചിരുന്നു. സുബലയുടെ ഉടമസ്ഥാവകാശം പട്ടികജാതി വകുപ്പിന് ആയതിനാൽ നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് പ്രവർത്തികൾ ചെയ്യുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങളാണ് അനുമതി വൈകാൻ കാരണമായത്.
ഉത്തരവ് നഗരസഭയുടെ കത്തിന്റെ അടിസ്ഥാനത്തിൽ
2023 ഏപ്രിൽ മാസത്തിൽ പട്ടികജാതി വികസന വകുപ്പ് മന്ത്രിക്ക് നഗരസഭചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് ഉത്തരവ് നൽകിയത്. എന്നാൽ നിർമ്മാണ ചുമതല ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് നൽകിയത്. പക്ഷെ നിർമ്മിതികേന്ദ്രം നിർമ്മാണം ഏറ്റെടുത്തില്ല. വീണ്ടും നഗരസഭപട്ടികജാതി വകുപ്പിനെ സമീപിച്ചു.
അമൃത് പദ്ധതിയിലൂടെ ലഭിച്ച തുക നഷ്ടപ്പെടുമെന്നും വകുപ്പിനെ നഗരസഭ അറിയിച്ചു. തുടർന്ന് നിർമ്മാണ ചുമതല കൂടി നഗരസഭയെ ഏൽപ്പിക്കാൻ പട്ടികജാതി വകുപ്പ് തീരുമാനിക്കുകയായിരുന്നു.
പദ്ധതിയിൽ ഉൾപ്പെടുന്നത്
ഗേറ്റ് വേ, കൺവെൻഷൻ സെന്റർ, കിച്ചൺ ബ്ലോക്ക്, ഡ്രെയനേജ്, കോഫി ഏരിയ, കുളം നവീകരണം, ബോട്ടിംഗ്, എക്‌സിബിഷൻ സ്‌പേസ്, കംഫർട്ട് സ്റ്റേഷൻ, ഷട്ടിൽ കോർട്ട്, തീയേറ്റർ, ഗെയിമിംഗ് ബ്ലോക്ക്, ഗ്രീൻ റൂം, കുട്ടികളുടെ പാർക്ക്, പൂന്തോട്ടം, ചുറ്റുമതിൽ.
മൂന്ന് പതിറ്റാണ്ടിന്റെ പദ്ധതി
1995ൽ അന്നത്തെ ജില്ലാകളക്ടർ കെ.ബി.വത്സലകുമാരി പട്ടികജാതി യുവതികൾക്ക് താെഴിൽ നൽകാനായാണ് സുബല പാർക്ക് ടൂറിസം പദ്ധതിക്ക് തുടക്കമിട്ടത്. വെട്ടിപ്രത്ത് അഞ്ച് ഏക്കർ പാടശേഖരം ഏറ്റെടുത്തു വിശാലമായ ഓഡിറ്റോറിയം, കുട്ടികളുടെ പാർക്ക്, ബോട്ടിംഗിനായി കുളം, സ്വയം തൊഴിൽ പരിശീലനകേന്ദ്രം എന്നിവ ഉൾപ്പെട്ടതായിരുന്നു പദ്ധതി. പദ്ധതി പൂർത്തീകരിക്കുന്നതിന് മുമ്പ് കളക്ടർ സ്ഥലം മാറിപ്പോയതോടെ പൂർത്തീകരണം സാദ്ധ്യമായില്ല.
4.5 കോടിയുടെ പദ്ധതി,
മൂന്ന് ഘട്ടങ്ങളായി നിർമ്മാണം,
ഒന്നാംഘട്ടം 2.94 കോടി ചെലവഴിച്ചു
2021ൽ സുബലാ പാർക്കിന്റെ ഒന്നാംഘട്ട പണികൾ 90ശതമാനം പൂർത്തിയാക്കി തുറന്നു നൽകിയെങ്കിലും അധികം താമസിയാതെ വീണ്ടും അടച്ചു. പൊതുപരിപാടികൾക്കും കല്യാണങ്ങൾക്കും ഓഡിറ്റോറിയം ഉപയോഗിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ജൂൺ 30നാണ് സാങ്കേതിക അനുമതി ലഭിച്ചത്. ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
അഡ്വ.ടി.സക്കീർ ഹുസൈൻ
നഗരസഭാ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |