കൊല്ലം: കൊല്ലം-തിരുമംഗലം ദേശീയപാതയോരത്തെ മൂന്നാംകുറ്റി ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് കേന്ദ്രത്തിൽ മഴയത്ത് ഓടിക്കയറിയാൽ പെട്ടുപോകും. തുള്ളിവെള്ളം പോലും പുറത്ത് പോകാത്ത വിധം മഴവെള്ളം ഉള്ളിലേക്കാണ് പതിക്കുക. മഴയത്തും വെയിലത്തും യാത്രക്കാർക്ക് ആശ്വാസമാകേണ്ട ബസ് സ്റ്റോപ്പിന്റെ മേൽക്കൂര ദ്രവിച്ച് നിലംപതിക്കാറായിട്ടും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല.
ജംഗ്ഷനിൽ കൊട്ടാരക്കര ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് കേന്ദ്രമാണ് യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുന്നത്. പുറമേ നോക്കിയാൽ മോശാവസ്ഥ അറിയാനൊക്കില്ല. അകത്ത് കടന്ന് മുകളിലേക്ക് നോക്കിയാൽ ആകാശം കാണാം. മേൽക്കൂരയിലെ ഷീറ്റൊക്കെ കാലപ്പഴക്കത്താൽ ദ്രവിച്ചടർന്നുപോയി. നാലുവശവം പരസ്യം എഴുതാൻ സ്ഥാപിച്ചിരുന്ന മറവ് മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ഇങ്ങിനെയൊരു കേന്ദ്രം എന്തിനെന്ന ചോദ്യമാണ് യാത്രക്കാർ ഉന്നയിക്കുന്നത്.
ജംഗ്ഷനിൽ മറുവശത്തോ മറ്റെവിടെയുമോ ബസ് സ്റ്റോപ്പ് കേന്ദ്രങ്ങളില്ല. മഴക്കാലത്ത് കടത്തിണ്ണകളിൽ കയറി നിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.
ദുരിതം കണ്ടില്ലെന്ന് നടിക്കരുത്
എപ്പോഴും തിരക്കേറിയ കവലയാണ് മൂന്നാം കുറ്റി. പ്രത്യേക വിശ്രമ കേന്ദ്രങ്ങളൊന്നുമില്ല. നടന്ന് ക്ഷീണിച്ചാലും ബസ് കാത്തുനിൽക്കാനും ആകെയുള്ള ആശ്വാസമായിരുന്നു ബസ് സ്റ്റോപ്പ് കേന്ദ്രം. സർക്കാർ ഫണ്ട് ഉപയോഗിച്ച് നവീകരിക്കുകയോ പൊളിച്ച് പുതിയത് പണിയുകയോ വേണമെന്നാണ് ആവശ്യം. വിദ്യാർത്ഥികളടക്കം പൊരിവെയിലത്തും മഴയത്തുമൊക്കെ ബുദ്ധിമുട്ടുകയാണ്.
ബസ് സ്റ്റോപ്പ് കേന്ദ്രം സംഘടനകൾക്കും സ്ഥാപനങ്ങൾക്കും നവീകരിക്കാവുന്ന കാര്യമേയുള്ളു. എന്നാൽ ആരും മുന്നോട്ടുവരുന്നില്ല.
സ്ഥിരം യാത്രക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |