ചേർത്തല: അവശതകൾക്ക് മുന്നിൽ പതറാതെ അൻഷാദ് ബഷീറിന്റെ ചക്രകസേരയിലിരുന്നുളള 'പരീക്ഷായാത്ര' ഹയർസെക്കൻഡറി തലത്തിലെത്തി. പത്താംതരം തുല്യതാപരീക്ഷയിലെ വിജയത്തിന്റെ ആവേശത്തിലാണ് ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷക്കായി ചേർത്തല ഗവ. ഗേൾസ് സ്‌കൂളിൽ അൻഷാദ് പരീക്ഷയ്ക്ക് എത്തിയയത്.
അരൂക്കുറ്റി പുത്തൻവീട്ടിൽ ബഷീറിന്റെയും ആമിനയുടെയും മകനായ ഈ 29 കാരൻ അരയ്ക്കുതാഴെ തളർന്നനിലയിലാണ്. അരൂക്കുറ്റിയിലെ രണ്ടു സ്‌കൂളുകളിലായി ഏഴാം ക്ലാസുവരെ പഠിച്ചു. മാതാപിതാക്കൾ എടുത്തായിരുന്നു സ്‌കൂളിലെത്തിച്ചിരുന്നത്. പിന്നീട് പഠനം മുടങ്ങി. പഠിക്കാൻ വീണ്ടും ആഗ്രഹമുണ്ടായപ്പോൾ സാക്ഷരതാമിഷനാണ് തുടർപഠനത്തിന് വഴിയൊരുക്കിയത്. സഹോദരി അനുഷയും ഭർത്താവുമാണ് പഠനത്തിൽ സഹായികൾ. പത്താംതരം കടന്നതോടെ ആത്മവിശ്വാസമായി. പാണാവള്ളി എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂളിലെ സെന്ററിൽ ഹയർസെക്കൻഡറിക്ക് ചേർന്നു.പ്രേരക് കെ.കെ.രമണിയാണ് സഹായങ്ങളൊരുക്കുന്നത്. അദ്ധ്യാപകരുടെ ഓൺലൈൻ ക്ലാസുകൾ തരപ്പെടുത്തിയാണ് സെന്ററിൽ നേരിട്ടെത്താൻ ബുദ്ധിമുട്ടുള്ള അൻഷാദിന്റെ പഠനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |