അബദ്ധം ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷയിൽ
തിരുവനന്തപുരം: 'തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആര് " എന്ന ചോദ്യത്തിനുള്ള ഓപ്ഷനുകളിൽ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ പേരില്ലാതെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ! ഗുരുവായൂർ ദേവസ്വത്തിലെ ക്ലാർക്ക് തസ്തികയിലേക്ക് ഇന്നലെ നടന്ന ഒ.എം.ആർ പരീക്ഷയിലെ 83-ാം ചോദ്യത്തിലാണ് അബദ്ധം.
ഈ ചോദ്യത്തിന് പി.ടി. മോഹനകൃഷ്ണൻ, ടി.വി.ചന്ദ്രമോഹൻ, എ.പത്മകുമാർ, ഒ.കെ.വാസുമാസ്റ്റർ എന്നിങ്ങനെ നാല് ഓപ്‌ഷനുകളാണ് നൽകിയിട്ടുള്ളത്. മോഹനകൃഷ്ണനും ചന്ദ്രമോഹനും ഗുരുവായൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റുമാരാണ്. പത്മകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും വാസു മാസ്റ്റർ മലബാർ ദേവസ്വം ബോർഡിന്റെയും മുൻ പ്രസിഡന്റുമാരാണ്. എന്നാൽ നിലവിലെ പി.എസ്.പ്രശാന്തിന്റെ പേര് കാണാതെ കുട്ടികൾ ആശയക്കുഴപ്പത്തിലായി.
പരീക്ഷ കഴിഞ്ഞിറങ്ങിയ ഉദ്യോഗാർത്ഥികൾ ഹാളിൽ പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നവരെ അറിയിച്ചു. റിക്രൂട്ട്‌മെന്റ് ബോർഡിന് സംഭവിച്ച പിഴവായിരിക്കാമെന്നായിരുന്നു ഒഴുക്കൻ മറുപടി.
തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് മൂന്ന് റീജിയണുകളിലായി
66000 ത്തോളം ഉദ്യോഗാർത്ഥികളാണ് ഇന്നലെ പരീക്ഷയെഴുതിയത്. പിഴവ് ശരിവച്ച ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തെറ്റായ ചോദ്യം ഒഴിവാക്കി മൂല്യനിർണയം നടത്തുമെന്ന് അറിയിച്ചു. തൃശൂർ ജില്ലയിൽ ഇതേ പരീക്ഷയ്ക്ക് പരീക്ഷാകേന്ദ്രം അനുവദിച്ചതിലും തെറ്റു പറ്റിയിരുന്നു. തെറ്റായ സ്ഥലപ്പേര് പരീക്ഷാ കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിയിപ്പിൽ കടന്നുകൂടുകയായിരുന്നു. പരീക്ഷയുടെ തലേന്നാൾ വൈകിട്ടാണ് ഇതു തിരുത്തി അറിയിപ്പ് വന്നത്.
...................................
'ചോദ്യപേപ്പറിൽ ഗുരുതരമായ പിഴവു വരുത്തിയ അദ്ധ്യാപകരെ പാനലിൽ നിന്ന് ഒഴിവാക്കും. തെറ്റായ ചോദ്യം ഒഴിവാക്കിയായിരിക്കും മൂല്യനിർണയം.'
കെ.ബി.മോഹൻ ദാസ്, ചെയർമാൻ,
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്.
.................................
'ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡാണ് പരീക്ഷ നടത്തിയത്. തെറ്റായി ഉത്തരം നൽകിയത് ക്ലറിക്കൽ പിഴവ് മൂലമെന്നാണ് കരുതുന്നത്."
പി.എസ്.പ്രശാന്ത്, പ്രസിഡന്റ്
തിരുവിതാംകൂർ ദേവസ്വം ബോർഡ്
..............................
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |