മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി 2025- 26 വർഷത്തേക്കുള്ള മെഡിക്കൽ കൗൺസിലിംഗ് തീയതി പ്രസിദ്ധീകരിച്ചു.അഖിലേന്ത്യ തലത്തിൽ എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകളിലേക്കു പ്രവേശനത്തിനുള്ള നീറ്റ് യു.ജി കൗൺസിലിംഗ് ജൂലായ് 21ന് ആരംഭിക്കും.രജിസ്‌ട്രേഷൻ ഫീസും സെക്യൂരിറ്റി തുകയും ഈ സമയം അടക്കേണ്ടതുണ്ട്.അഖിലേന്ത്യ ക്വാട്ട 15 ശതമാനം സീറ്റുകൾ, ഡീംഡ് യൂണിവേഴ്‌സിറ്റി, ഇ.എസ്.ഐ, ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളേജുകളിലേക്ക് ഓപ്ഷൻ നൽകാം.ആദ്യറൗണ്ട് രജിസ്‌ട്രേഷൻ 21 മുതൽ 30 വരെയാണ്. 22 മുതൽ 30 വരെ ചോയ്‌സ് ഫില്ലിംഗ് നടത്താം.ഓഗസ്റ്റ് 6 വരെ ഫീസടച്ചു കോളേജുകളിൽ റിപ്പോർട്ട് ചെയ്യാം.
രണ്ടാം റൗണ്ട് രജിസ്‌ട്രേഷൻ ഓഗസ്റ്റ് 12 മുതൽ 20 വരെയാണ്. ഓഗസ്റ്റ് 29 വരെ ഫീസടച്ചു കോളേജുകളിൽ റിപ്പോർട്ട് ചെയ്യാം. മൂന്നാം റൗണ്ട് സെപ്റ്റംബർ 3 മുതൽ 10 വരെയും സ്‌ട്രെ റൗണ്ട് സെപ്റ്റംബർ 22 മുതൽ 26 വരെയും നടക്കും.സെപ്റ്റംബർ ഒന്നിന് ക്ലാസ് തുടങ്ങും.രാജ്യത്തെ 780 മെഡിക്കൽ കോളേജുകളിലായി 1.18 ലക്ഷം എം.ബി.ബി.എസ് സീറ്റുകളുണ്ട്. മൂന്ന് റൗണ്ട് കൗൺസിലിംഗിന് പുറമെയാണ് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌ട്രെ റൗണ്ട് കൗൺസിലിംഗ് നടത്തുന്നത്.
ഓപ്ഷൻ നൽകുമ്പോൾ
മുൻ വർഷങ്ങളിലെ റാങ്ക് വിലയിരുത്തി ഏത് കോഴ്‌സിന് അഡ്മിഷൻ ലഭിക്കാൻ സാധ്യതയെന്നു മനസിലാക്കാമെങ്കിലും ഈ വർഷം മാർക്കിലും റാങ്കിലും മുൻവർഷത്തെ അപേക്ഷിച്ചു വലിയ അന്തരമുണ്ട്.ഒന്നാം റാങ്കിൽ 34 മാർക്കിന്റെ കുറവുണ്ടായിട്ടുണ്ട്. അതിനാൽ ഇതിലൂടെ ലഭിക്കാനിടയുള്ള കോഴ്‌സുകളെക്കുറിച്ചുള്ള ഏകദേശ സൂചന ലഭിക്കാൻ ബുദ്ധിമുട്ടാണ്. അഖിലേന്ത്യ മെഡിക്കൽ പ്രവേശനത്തിൽ 27 ശതമാനം ഒ.ബി.സി, 10 ശതമാനം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സംവരണമുണ്ട്.
ബി.എസ്‌സി നഴ്‌സിംഗ് പ്രവേശനം
രാജ്യത്തെ എം.ബി.ബി.എസ്, ബി.ഡി.എസ്, അനുബന്ധ ആരോഗ്യ,കാർഷിക,വെറ്ററിനറി കോഴ്‌സുകൾക്ക് അഡ്മിഷൻ ലഭിക്കുന്നത് നീറ്റ് യു.ജി റാങ്ക് ലിസ്റ്റ് അനുസരിച്ചാണ്. കേന്ദ്ര സർവ്വകലാശാലകൾ,ജിപ്‌മെർ പുതുച്ചേരി, AFMC എന്നിവയുടെ കീഴിലുള്ള നഴ്‌സിംഗ് കോളേജുകളിൽ ബി.എസ്‌സി നഴ്‌സിംഗ് പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലാണ്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി,കസ്തൂർബ ഹോസ്പിറ്റൽ,സെന്റ് സ്റ്റീഫൻസ്,സഫ്ദർജംഗ്,ഫ്‌ളോറെൻസ് നൈറ്റിംഗേൽ ഇൻസ്റ്റിറ്റിയൂട്ട്, എ.എഫ്.എം.സിയുടെ കീഴിലുള്ള ആറ് നഴ്‌സിംഗ് കോളേജുകൾ എന്നിവിടങ്ങളിലും നീറ്റ് റാങ്ക് വഴിയാണ് പ്രവേശനം.www.mcc.nic .in
സംസ്ഥാന തലത്തിലുള്ള കൗൺസിലിംഗ് അലോട്ട്‌മെന്റ് പ്രക്രിയയുമായി ബന്ധപ്പെട്ട് അതത് സംസ്ഥാനങ്ങൾ നോട്ടിഫിക്കേഷൻ പുറത്തിറക്കും.കേരളത്തിൽ സംസ്ഥാന പ്രവേശന പരീക്ഷ കമ്മീഷണറും,കർണാടകയിൽ കർണാടക എക്‌സാമിനേഷൻ അതോറിറ്റിയും,പുതുച്ചേരി സെന്റാക്കും കൗൺസിലിംഗ് നടത്തും.നീറ്റ് മാർക്ക്/ റാങ്ക് ലിസ്റ്റനുസരിച്ചു സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ കേരളത്തിലെ പ്രൊഫഷണൽ കോഴ്‌സു കളിലേക്കുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കും. www.cee.kerala.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |