കോഴഞ്ചേരി : വഞ്ചിപ്പാട്ടിന്റെ അകമ്പടിയിൽ പള്ളിയോടങ്ങൾ തീരമണഞ്ഞപ്പോൾ ആറന്മുള മറ്റൊരു വള്ളസദ്യക്കാലത്തിന് ഇലയിട്ടു. പാർത്ഥസാരഥിയുടെ തിരുമുമ്പിൽ വിഭവങ്ങൾ ഒന്നൊന്നായി നിരന്നതോടെ വള്ളസദ്യ വഴിപാടുകൾക്ക് തുടക്കമായി. ഇന്നലെ രാവിലെ 11.15ന് വിശിഷ്ടാതിഥികളെ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ പതിനെട്ടാംപടിക്ക് താഴെ നിന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ട്രഷറർ രമേഷ് മാലിമേൽ എന്നിവർ ചേർന്ന് ക്ഷേത്ര തിരുമുറ്റത്തേക്ക് സ്വീകരിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി. 11.30ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ ഭദ്രദീപം കൊളുത്തി സദ്യ ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി വീണാജോർജ്, ആന്റോ ആന്റണി.എം.പി, പ്രമോദ് നാരായൺ എം.എൽ.എ , അവിട്ടം തിരുനാൾ ആദിത്യ വർമ്മ എന്നിവർ ചേർന്ന് വിളക്കിന് മുമ്പിൽ സദ്യാവിഭവങ്ങൾ ഇലയിൽ വിളമ്പി. ഫുഡ് കമ്മിറ്റി കൺവീനർ എം.കെ.ശശികുമാർ കുറുപ്പ്, ജോയിന്റ് കൺവീനർ ബി.കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി. ക്ഷേത്ര ഐതിഹ്യവും വള്ളസദ്യ ആചാര അനുഷ്ഠാനങ്ങളും വിവരിക്കുന്ന വിസ്മയദർശനം ഡോക്കുമെന്ററിയുടെ പ്രദർശന ഉദ്ഘാടനം മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർവഹിച്ചു. വള്ളസദ്യയിൽ പങ്കെടുക്കാൻ ആദ്യം ക്ഷേത്രക്കടവിൽ എത്തിയ കോഴഞ്ചേരി , ളാക ഇടയാറന്മുള പള്ളിയോടങ്ങളെ മന്ത്രിമാർ ചേർന്ന് സ്വീകരിച്ചു. പ്രദിക്ഷണ വഴികളിലൂടെ പള്ളിയോടക്കരക്കാരെ വഴിപാടുകാർ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. തുടർന്ന് ഊട്ടുപുരകളിൽ സദ്യ വിളമ്പി. ഏഴ് പള്ളിയോടങ്ങൾക്കാണ് ഒന്നാംദിനം വള്ളസദ്യ ഉണ്ടായിരുന്നത്. ഇതോടെ 80 നാൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായി. ഈ വർഷം ഇതുവരെ 412 സദ്യകൾ ബുക്ക് ചെയ്തു കഴിഞ്ഞു. പത്തനംതിട്ട ഫയർ ആൻഡ് സേഫ്റ്റി ടീം സ്ക്യൂബ ബോട്ടിൽ പമ്പയിൽ പള്ളിയോടങ്ങൾക്ക് സംരക്ഷണമൊരുക്കി. പള്ളിയോട സേവാസംഘം ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, വൈസ് പ്രസിഡന്റ് കെ.എസ്.സുരേഷ്, വിജയകുമാർ ചുങ്കത്തിൽ, കെ.ആർ.സന്തോഷ്, ടി.കെ.രവീന്ദ്രൻ നായർ, ഡോക്ടർ സുരേഷ് ബാബു, രഘുനാഥ് കോയിപ്രം, പാർത്ഥസാരഥി ആർ.പിള്ള, പത്തനംതിട്ട ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ജി.മുരളീധരൻ പിള്ള, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.കെ.ഈശ്വരൻ നമ്പൂതിരി, അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ ആർ.രേവതി എന്നിവർ നേതൃത്യം നൽകി.
ഇൻഷുറൻസ് പരിരക്ഷ
വള്ളസദ്യ, വള്ളംകളി തുടങ്ങിയ ചടങ്ങുകൾക്ക് എത്തുന്ന പള്ളിയോട തുഴച്ചിൽക്കാർക്ക് 10 ലക്ഷം രൂപയുടെയും വള്ളംകളി ഇവന്റിന് രണ്ടു കോടി രൂപയുടെയും പരിരക്ഷ ഉറപ്പാക്കുന്ന യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായുള്ള ഇൻഷുറൻസ് കവറേജിന്റെ പോളിസി കൈമാറ്റം ക്ഷേത്ര തിരുമുറ്റത്ത് നടന്നു.
വള്ളസദ്യ 80 നാൾ , ആദ്യ ദിനം പങ്കെടുത്തത് 7 പള്ളിയോടങ്ങൾ,
ഇതുവരെ ബുക്ക് ചെയ്ത വള്ളസദ്യകൾ : 412
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |