വർക്കല: ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം നഗരസഭയുടെ ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ടൗൺ ഹാളിന്റെ നവീകരണം പൂർത്തിയായി. 16ന് വൈകിട്ട് 3.30ന് മന്ത്രി എം.ബി.രാജേഷ് ഉദഘാടനം നിർവഹിക്കും. അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.നഗരസഭയുടെ ഏറ്റവും വലിയ ആസ്തിയായ വിശാലമായ ടൗൺഹാൾ കാലപ്പഴക്കവും അറ്റകുറ്റപ്പണികൾ യഥാസമയം നടത്താതെയും ജീർണാവസ്ഥയിലായിരുന്നു. രണ്ടര കോടിയോളം ചെലവിലാണ് നവീകരണം പൂർത്തിയാക്കിയത്. ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നും സ്റ്റേജുൾപ്പെടെ ഹാളിന്റെ പലഭാഗവും ചോർന്നൊലിക്കുന്ന നിലയിലുമായിരുന്നു. വർക്കലയിലെ സാംസ്‌കാരിക, രാഷ്ട്രീയ പരിപാടികൾക്ക് പ്രധാനമായും ഉപയോഗിച്ചിരുന്ന ഹാളാണ് വർഷങ്ങളോളം നശിച്ചുകിടന്നത്.
ചെലവായത്...... 2.5 കോടി
നാൾവഴികൾ
1964ൽ തറക്കല്ലിട്ടു
1985ൽ ഉദ്ഘാടനം ചെയ്തത്.
2018ൽ പുതുക്കിപ്പണിയാൻ നടപടി ആരംഭിച്ചു
കൊവിഡും കരാറുകാർക്ക് പണം നൽകാനുള്ള കാലതാമസവും കാരണം പണി ഇഴഞ്ഞു
2025ൽ നവീകരിച്ച ഹാളിന്റെ ഉദ്ഘാടനം
പോരായ്മകൾ പരിഹരിച്ചു
ഹാളിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ചാണ് നവീകരണം. ശബ്ദസംവിധാത്തിലെ പിഴവുകളും മുഴക്കവും ഹാളിൽ സാംസ്‌കാരിക പരിപാടികൾ നടത്തുന്നതിന് തടസമായി. പിന്നീട് ചുവരിൽ കയർമാറ്റ് സ്ഥാപിച്ചാണ് താത്കാലിക പരിഹാരം കണ്ടത്. ഹാളിലേക്കുള്ള കവാടം റോഡിനേക്കാൾ താഴ്ന്നതിനാൽ മഴ പെയ്താൽ വെള്ളം ഹാളിനകത്തെത്തും. ഇത്തരം പോരായ്മകളെല്ലാം പരിഹരിച്ചു. എ.സി,വാൾ സീലിംഗ്,റൂഫ് സീലിംഗ്, സീറ്റുകൾ,ഫ്ലോറിംഗ് എന്നിവയുടെ ജോലികൾ പൂർത്തിയാക്കി. മൈക്രോ കോൺക്രീറ്റ് ഉപയോഗിച്ച് ഹാളിന്റെ ബീമുകൾ ബലപ്പെടുത്തി. കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ 1.74 കോടി രൂപ ചെലവഴിച്ച് ബഹുവർഷപദ്ധതിയായാണ് നവീകരണം. ഇപ്പോഴത്തെ ഭരണസമിതി ചില മാറ്റങ്ങളോടെ നവീകരണം തുടർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |