വിതുര: ബോണക്കാട് എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഇനി മഴ നനയാതെ അന്തിയുറങ്ങാം. നിലം പൊത്താറായ ലയങ്ങൾ 4 കോടി രൂപ വിനിയോഗിച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്തി വാസയോഗ്യമാക്കി. ലയങ്ങളുടെ ശോച്യാവസ്ഥ മൂലം മഴയത്ത് വെള്ളം നിറയുന്ന ലയങ്ങളെക്കുറിച്ചും, തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളെകുറിച്ചും, കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ജി.സ്റ്റീഫൻ തൊഴിലാളികൾ നേരിടുന്ന പ്രശ്നം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് മന്ത്രിമാരായ വി.ശിവൻകുട്ടിയും, കെ.എൻ.ബാലഗോപാലും ബോണക്കാട് സന്ദർശിച്ചിരുന്നു. ഫണ്ട് അനുവദിക്കുകയും ചെയ്തു. പ്ലാന്റേഷൻ വകുപ്പിൽനിന്ന് 2 കോടി രൂപയും, പ്ലാന്റേഷൻ വർക്കേഴ്സ് റിലീഫ് ഫണ്ടിൽ നിന്ന് 2 കോടിയുമാണ് അനുവദിച്ചത്.
43 ലയങ്ങളാണ് പുനരുദ്ധീകരിച്ചത്.186 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ജില്ലാനിർമ്മിതികേന്ദ്രമാണ് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.
പുനരുദ്ധീകരിച്ചത്-----43 ലയങ്ങൾ
ബോണക്കാട് എസ്റ്റേറ്റ് അടഞ്ഞുകിടക്കുന്നു
അതേസമയം ബോണക്കാട് എസ്റ്റേറ്റ് വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. കടബാദ്ധ്യതകൾ മൂലം ഉടമ തോട്ടം ഉപേക്ഷിച്ച് പോയിട്ട് 22 വർഷം കഴിഞ്ഞു. തോട്ടം തുറക്കുന്നതിനായി സർക്കാരും, തോട്ടമുടമയുമായി അനവധി തവണ ചർച്ചകൾ നടന്നെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയിൽ തോട്ടത്തിൽ പട്ടിണി മൂലം ഒരു തൊഴിലാളി മരണപ്പെട്ടിരുന്നു. മാത്രമല്ല ബോണക്കാട് സ്കൂളും വർഷങ്ങളായി പൂട്ടിക്കിടക്കുകയാണ്. പ്രഖ്യാപിച്ച ആരോഗ്യസബ് സെന്ററും യാഥാർത്ഥ്യമായില്ല. തോട്ടം തുറന്നു പ്രവർത്തിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
ഉദ്ഘാടനം നാളെ
നവീകരിച്ച എസ്റ്റേറ്റിലെ ലയങ്ങളുടെ ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് 3ന് മന്ത്രി പി.രാജീവ് നിർവഹിക്കും. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജി.ആർ.അനിൽ, അടൂർപ്രകാശ് എം.പി, ജി.സ്റ്റീഫൻ എം.എൽ.എ,വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാ.ജി.ആനന്ദ്, വൈസ് പ്രസിഡന്റ് സന്ധ്യ.ബി.എസ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി, ബോണക്കാട് വാർഡ് മെമ്പർ വത്സല എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |