കൊച്ചി: അപ്രതീക്ഷിതമായി പത്രാധിപരായ എഴുത്തുകാരനാണ് പായിപ്ര രാധാകൃഷ്‌ണൻ. ചെറുതും വലുതുമായ മാസികകളുടെ ഉൾപ്പെടെ പത്രാധിപർ പദവിയിൽ അരനൂറ്റാണ്ട് പിന്നിടുകയാണ് അദ്ദേഹം.
മഹാരാജാസ് കോളേജ് പഠനം കഴിഞ്ഞ 1975ലാണ് ആദ്യമായി പത്രാധിപരുടെ ചുമതല അദ്ദേഹം ഏറ്റെടുക്കുന്നത്. എറണാകുളം മേനകയിലെ സീലാൻഡ് ഹോട്ടലിൽ താമസിച്ചിരുന്ന നോബൽ സമ്മാനജേതാവ് ഗുന്തർ ഗ്രാസിനെ കഥാകൃത്ത് ടി.ആർ. അഭിമുഖം നടത്തി. അത് അച്ചടിക്കാൻ വായനശാല എന്ന മാസിക ആരംഭിച്ചു. രണ്ടാംലക്കം മുതൽ മുഖ്യപത്രാധിപരായി പായിപ്രയെ ടി.ആർ ചുമതലയേൽപ്പിച്ചു.
സാഹിത്യകാരന്മാരെയും സാംസ്‌കാരിക പ്രവർത്തകരെയും വിചാരണ ചെയ്യുന്ന ലേഖനങ്ങളായിരുന്നു വായനശാലയുടെ പ്രത്യേകത. എൻ.വി കൃഷ്‌ണവാര്യർ, സുകുമാർ അഴീക്കോട് എന്നിവരെ വരെ വിമർശിച്ചു. തീപാറുന്ന മുഖപ്രസംഗം ടി.ആറിന്റെ വകയായിരുന്നു. പ്രമുഖരുടെ രചനകൾ എല്ലാ ലക്കത്തിലുണ്ടാകും. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ വായനശാല അടച്ചുപൂട്ടി.
മൂവാറ്റുപുഴ കഥാസമിതിയുടെ കഥയരങ്ങിന്റെ ചീഫ് എഡിറ്ററായി പായിപ്ര വീണ്ടും പ്രസിദ്ധീകരണരംഗത്തെത്തി. തൊടുപുഴ, എറണാകുളം, ആലപ്പുഴ സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളുടെ സുവനീർ ചീഫ് എഡിറ്ററായും പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാഡമിയുടെ സെക്രട്ടറിയായപ്പോൾ സാഹിത്യലോകം, മലയാളം ലിറ്റററി സർവേ, സാഹിത്യചക്രവാളം എന്നിവയുടെ എഡിറ്ററായി പ്രവർത്തിച്ചു. റബർ ബോർഡിന്റെ റബർ, നാളികേര വികസന ബോർഡിന്റെ ഇന്ത്യൻ നാളികേര ജേർണൽ എന്നിവയുടെ കൺസൾട്ടന്റ് എഡിറ്ററായും പ്രവർത്തിച്ചു. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഭക്തപ്രിയ പത്രാധിപ സമിതി അംഗമായി അഞ്ചുവർഷം പ്രവർത്തിച്ചു.
പെരുമ്പാവൂർ വായ്‌ക്കരക്കാവ് ആർഷ വിദ്യാപീഠം 21 വർഷമായി പ്രസിദ്ധീകരിക്കുന്ന ശ്രീഭഗവതിയുടെ ചീഫ് എഡിറ്ററാണ്. മഹാകവി അക്കിത്തം, ഡോ.എം. ലീലാവതി തുടങ്ങിയവർ ശ്രീഭഗവതിയുടെ ഭാഗമായിരുന്നു.
''വായനശാല മുതൽ ശ്രീഭഗവതി വരെ വൈവിദ്ധ്യമാർന്ന പ്രസിദ്ധീകരണങ്ങളിലെ പത്രാധിപ കാലം ചാരിതാർത്ഥ്യം പകരുന്നതാണ്. മറ്റു പ്രസിദ്ധീകരണങ്ങളിൽ ലഭ്യമല്ലാത്തത് വായനക്കാർക്ക് നൽകാനാണ് എന്നും ശ്രമിച്ചത്.""
പായിപ്ര രാധാകൃഷ്‌ണൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |