2027ൽ പൂർത്തിയാകും
ആധുനിക സൗകര്യങ്ങൾ
കൊച്ചി: കേരള പബ്ലിക് സർവീസ് കമ്മീഷന്റെ എറണാകുളം മേഖലാ- ജില്ലാ ഓഫീസുകളുടെ സ്വന്തം കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾ ഉഷാർ. 2025 ഫെബ്രുവരിയിൽ തറക്കല്ലിട്ട കെട്ടിടത്തിന്റെ പൈലിംഗ് ജോലികൾ അന്തിമ ഘട്ടത്തിലാണ്. മഴയിൽ വെള്ളക്കെട്ട് ഉണ്ടായപ്പോൾ നിർമ്മാണ ജോലികൾ ഇടയ്ക്ക് മുടങ്ങിയിരുന്നു. ഇത്തവണത്തെയും അടുത്ത തവണത്തെയും മഴക്കാലം കൂടി പരിഗണിച്ചാൽ 2027ന്റെ തുടക്കത്തിൽ മേഖലാ ഓഫീസ് പ്രവർത്തനം ആരംഭിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
നഗരമദ്ധ്യത്തിൽ കലൂർ -കടവന്ത്ര റോഡിലെ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്‌നോ)സെന്ററിനു പിന്നിലാണ് കെട്ടിടം ഉയരുക. ഗ്രൗണ്ട് ഫ്‌ളോറിനും ഒന്നാം നിലയ്ക്കുമായുള്ള 20 കോടി ഇതിനോടകം അനുവദിച്ചു. ഇത് പൂർത്തിയാകുന്ന മുറയ്ക്ക് അടുത്ത ഗഡു അനുവദിക്കും.
സൗത്ത് റെയിൽവേ സ്റ്റേഷനു കിഴക്കുവശത്ത് ജി.സി.ഡി.എ കെട്ടിടത്തിൽ വാടകയ്ക്കാണ് ഇപ്പോൾ ജില്ലാ- റീജിയണൽ ഓഫീസുകൾ. രണ്ടിനുമായി ഏഴ് ലക്ഷത്തോളമാണ് പ്രതിമാസ വാടക. രണ്ട് ഓഫീസുകളും കാക്കനാടായിരുന്നു ആദ്യം. പിന്നീട് യാത്രാ സൗകര്യം കണക്കിലെടുത്താണ് സൗത്തിലേക്ക് മാറ്റിയത്.
വരുന്നത് അത്യാധുനിക ഓഫീസ്
പുതിയ കെട്ടിടത്തിൽ അത്യാധുനിക സൗകര്യങ്ങളുണ്ടാകും. ഓൺലൈൻ പരീക്ഷകൾ, മൂല്യനിർണയം എന്നിവയ്ക്ക് ഉയർന്ന സാങ്കേതിക സംവിധാനങ്ങൾ പുതിയ ഓഫീസിൽ ഏർപ്പെടുത്തും. ഉന്നത നിലവാരത്തിലുള്ള കോൺഫറൻസ് ഹാളുകളും തിരുവനന്തപുരം പട്ടത്തെ ഹെഡ് ഓഫീസിൽ നടത്തുന്ന അഭിമുഖങ്ങളും മറ്റും കൊച്ചിയിലും നടത്താൻ കഴിയുന്ന സൗകര്യങ്ങളുമുണ്ടാകും.
59 സെന്റ് സ്ഥലത്ത് ഗ്രൗണ്ട് ഫ്‌ളോറിനു പുറമേ അഞ്ച് നിലകൾ
5,727 ചതുരശ്ര മീറ്ററിലുള്ള കെട്ടിടത്തിന് 50 കോടിയിലേറെയാണ് മുടക്ക്
18 മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാനാണ് കരാർ
മേഖലയിൽ അഞ്ച് ജില്ലകൾ
എറണാകുളം മേഖലയ്ക്ക് കീഴിൽ അഞ്ച് ജില്ലകളാണുള്ളത്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നിവ. പാലക്കാട്, തൃശൂർ, ഇടുക്കി എന്നീ ജില്ലകളുടെ റിക്രൂട്ട്മെന്റ് ഇൻസ്പെക്ഷൻ ചുമതലയും എറണാകുളം മേഖലാ ഓഫീസിനാണ്.
കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾ വളരെ വേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്
ജോസ് ഫ്രാൻസിസ്
പി.എസ്.സി റീജിയണൽ ഓഫീസർ, കൊച്ചി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |