കോഴിക്കോട്: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചത് രാജ്യത്തിനാകെ ആശ്വാസം നൽകുന്ന വാർത്തയാണ്. വസാബിയിലെ ഷെയ്‌ഖ് ഇടപെട്ടതോടെയാണ് യെമൻ ഭരണകൂടം വധശിക്ഷ മാറ്റിവയ്‌ക്കാൻ ഉത്തരവിട്ടത്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയാണ് ഒടുവിൽ ഫലംകണ്ടത്. ഇതോടെ വധശിക്ഷ മാറ്റിവയ്‌ക്കുന്നതിനായി അറ്റോണി ജനറൽ ഉത്തരവിറക്കുകയായിരുന്നു.
നയതന്ത്രപരമായി ഇന്ത്യയ്‌ക്ക് ഇടപെടൽ നടത്താൻ സാദ്ധ്യത കുറവായിരുന്ന സ്ഥാനത്താണ് സ്വകാര്യ ഇടപെടൽ നിർണായകമായത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നയതന്ത്രപരമായി ഇടപെടാൻ പരിമിതികളുള്ള പ്രദേശമായ സനയിലെ ജയിലിലാണ് നിമിഷപ്രിയ കഴിയുന്നുവെന്നതാണ് പ്രധാന കാരണം. ഈ പ്രദേശം ഹൂതികളുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ടുതന്നെ കേന്ദ്രസർക്കാരിന് വിഷയത്തിൽ ഇടപെടുന്നതിൽ പരിധിയുണ്ടെന്ന് അറ്റോണി ജനറൽ ആർ വെങ്കിടരമണിയും കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. യമനിലെ സങ്കീർണ സാഹചര്യമാണ് ഇതിന് കാരണം.
ലോകത്തെ മറ്റിടങ്ങൾ പോലെയല്ല യെമൻ. പൊതുവായി പോയി സ്ഥിതിഗതികൾ സങ്കീർണമാക്കാതെ സ്വകാര്യ ഇടപെടലിന് ശ്രമിക്കുന്നതാണ് നല്ലതെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഇതാണ് കേസിൽ കാന്തപുരം ഇടപെടാനുണ്ടായ കാരണം. കാന്തപുരത്തിന്റെ നിർദേശപ്രകാരം യെമനിലെ സൂഫി പണ്ഡിതൻ ഷെയ്‌ഖ് ഹബീബ് ഉമർ ബിൻ ഹാഫിസ് നടത്തിയ ചർച്ചകളാണ് നിമിഷപ്രിയയുടെ കേസിൽ നിർണായകമായത്.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ഉൾപ്പെടെ ഉമർ ബിൻ ഹാഫിസിന്റെ പ്രതിനിധികൾ കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. ഇതുവരെ അടുക്കാതിരുന്ന തലാലിന്റെ കുടുംബം ഉമർ ബിൻ ഹാഫിസിന്റെ പ്രതിനിധികളുമായി ചർച്ച നടത്താൻ സമ്മതിച്ചത് കേസിൽ അനുകൂല സാദ്ധ്യതയാണ് കാണിക്കുന്നത്. ധമാർ മേഖലയിലടക്കം വൈകാരിക വിഷയമായതിനാലാണ് കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ബന്ധം സ്ഥാപിക്കാൻ സാധിക്കാതിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലിലൂടെയാണ് കുടുംബവുമായി അദ്യമായി ആശയവിനിമയം സാദ്ധ്യമായത്.
നിർണായക ഇടപെടലിന് പിന്നാലെ കാന്തപുരത്തെ പ്രശംസിച്ച് വിവിധ രാഷ്‌ട്രീയ നേതാക്കളും ജനപ്രതിനിധികളും രംഗത്തെത്തി. നിമിഷപ്രിയയുടെ മോചനം കേരളം ആഗ്രഹിക്കുന്നതാണെന്നും വിഷയത്തില്‍ കാന്തപുരത്തിന്റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |