എഴുകോൺ: ജില്ലയിൽ വ്യാപകമായ ലഹരിമരുന്ന് കടത്ത് തടയാൻ റൂറൽ ഡാൻസാഫ് ടീം സജീവമായി രംഗത്ത്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ എം.ഡി.എം.എയും കഞ്ചാവും കടത്തിയ 7 പേരെയും രാസലഹരി കടത്തിയ മൂന്ന് പേരെയും ഉൾപ്പെടെ 10 പേരെയാണ് പിടികൂടി ജയിലിൽ അടച്ചത്.
പ്രധാന അറസ്റ്റുകൾ:
ആന്റോ വർഗീസ് (ടോണി - 32, വെള്ളിമൺ): എഴുകോണിൽ നിന്ന് ഒന്നര കിലോ കഞ്ചാവുമായി പിടിയിലായി. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കൊണ്ടുവന്ന കഞ്ചാവ് പ്രാദേശിക വിൽപനയ്ക്കായി ഓട്ടോയിൽ കൊണ്ടുപോകുകയായിരുന്നു. തമിഴ്‌നാട്ടിലടക്കം കേസുകളുള്ള ഇയാൾ അന്തർസംസ്ഥാന ലഹരി കടത്ത് സംഘത്തിലെ പ്രധാനിയാണ്.
വിഷ്ണു വിജയ് (24), മുഹമ്മദ് സനൂജ് (22), ബിബിൻ ബിനു (21): എഴുകോണിൽ നിന്ന് ഡാൻസാഫ് ടീം ഇവരെയും പിടികൂടി.
അഭിജിത് ലാൽ (22), ഗോപുകൃഷ്ണൻ (21): പൂയപ്പള്ളിയിൽ നിന്ന് 1.2 ഗ്രാം എം.ഡി.എം.എയും 8 ഗ്രാം കഞ്ചാവുമായി പിടിയിലായി.
റഹ്മത്തലി (22): ബംഗളൂരുവിൽ നിന്ന് സ്ഥിരമായി ലഹരിവസ്തുക്കൾ എത്തിച്ചിരുന്ന ഇയാളെ കൊട്ടാരക്കരയിൽ വെച്ച് 1.12 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തു.
പുനലൂരിലെ വൻ വേട്ട
ഏതാനും മാസങ്ങൾക്ക് മുൻപ് പുനലൂരിൽ നിന്ന് 149 ഗ്രാം എം.ഡി.എം.എയുമായി സൂരജ് (34), നിതീഷ് (28) എന്നിവരെ പിടികൂടിയത് റൂറൽ ഡാൻസാഫ് ടീമിന്റെ വലിയ വിജയങ്ങളിലൊന്നാണ്. ഈ കേസിലെ ഒന്നാം പ്രതിയായ സൂരജ് ബംഗളൂരുവിൽ നിന്ന് വൻ തോതിൽ രാസലഹരി കടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ്. ഇയാൾക്ക് മുമ്പ് പാലക്കാട് വെച്ച് രണ്ട് തവണ എം.ഡി.എം.എയുമായി പിടിയിലായിട്ടുണ്ട്. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഹരി എത്തിക്കുന്നത് സൂരജാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കാപ്പ കേസ് പ്രതിയായിരുന്ന സുഭാഷിനെ (40) കഴിഞ്ഞ നവംബറിൽ എഴുകോൺ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒന്നര കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു.
കടത്തിന് കൗമാരക്കാർ
ലഹരിക്കടത്തിന് പിടിയിലായവരിൽ ഭൂരിഭാഗവും കൗമാരക്കാരാണ്. ഇവരിൽ നിന്ന് കഞ്ചാവും എം.ഡി.എം.എയും ഒരുപോലെ കണ്ടെത്തുന്നത് ലഹരി സംഘങ്ങൾ തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു. ലഹരിക്കടിമപ്പെടുന്ന വിദ്യാർത്ഥികളെയും മറ്റുള്ളവരെയുമാണ് കാരിയർമാരായി ഉപയോഗിക്കുന്നത്.
ലഹരി കടത്ത് രീതികൾ
ട്രെയിൻ മാർഗമാണ് ഇപ്പോഴും ജില്ലയിലേക്ക് ലഹരി കടത്തുന്നത്. പൊലീസ് നിരീക്ഷണം ഒഴിവാക്കാൻ ലോക്കൽ ട്രെയിനുകൾ മാറിക്കയറുകയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്യുന്നത് പതിവാണ്. ഈ വെല്ലുവിളികളെ സമർത്ഥമായി അതിജീവിച്ച് റൂറൽ എസ്.പി. സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം (എസ്.ഐ. ജ്യോതിഷ് ചിറവൂർ, എസ്.സി.പി.ഒ സജു, സി.പി.ഒമാരായ ദിലീപ്, വിപിൻ എന്നിവരടങ്ങുന്ന സംഘം) ലഹരി സംഘങ്ങൾക്ക് കെണിയൊരുക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |