പഴയങ്ങാടി: അടിഞ്ഞുകൂടുന്ന മണൽ നീക്കം ചെയ്യുന്ന ഡ്രഡ്ജിംഗ് പ്രവൃത്തി മുടങ്ങിയതോടെ ചൂട്ടാട്-പാലക്കോട് അഴിമുഖത്ത് അപകടം പതിവാകുന്നു. മണൽത്തിട്ട രൂപപ്പെട്ട ഭാഗത്താണ് ചൊവ്വാഴ്ചയും ഇന്നലെയും വള്ളങ്ങൾ അപകടത്തിൽപെട്ടതെന്ന് തൊഴിലാളികൾ പറയുന്നു. തുടർച്ചയായി രണ്ടുദിവസത്തിനുള്ളിൽ നടന്ന അപകടങ്ങളിൽ പതിമൂന്ന് തൊഴിലാളികൾക്കാണ് ഭാഗ്യം കൊണ്ടുമാത്രം ജീവൻ മടക്കിക്കിട്ടിയത്.
ഇവിയുള്ള മണൽത്തിട്ട കരാറുകാരൻ ബന്ധപ്പെട്ട വകുപ്പധികൃതരുടെ അനുമതിയില്ലാതെ അശാസ്ത്രീയമായി പുലിമുട്ട് നിർമ്മാണത്തിന്റെ ഭാഗമായി കീറിമുറിച്ചതും അപകടത്തിന് കാരണമായെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. ഈ ഭാഗത്ത് കൂടെ കയറിവരുമ്പോഴാണ് അപകടമുണ്ടാകുന്നത് എന്നാണ് മത്സ്യ ത്തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അന്ന് തളിപ്പറമ്പ് ആർഡിഒയും എം.വിജിൻ എം.എൽ.എയും പങ്കെടുത്ത യോഗത്തിൽ ഡ്രഡ്ജിംഗ് പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നതാണ്.
ഡ്രഡ്ജിംഗ് നടന്നത് തുടർ അപകടങ്ങളെ തുടർന്ന്
മത്സ്യത്തൊഴിലാളികളുടെ ജീവനുകളും ജീവിതോപാധികളും നഷ്ടമായ മുൻകാല അപകടങ്ങളെ തുടർന്നാണ് ഇവിടുത്തെ മണൽത്തിട്ട നീക്കം ചെയ്യാനും പുലിമുട്ട് നിർമ്മിക്കുന്നതിനുമുള്ള പദ്ധതികൾ നടപ്പാക്കി വരുന്നത്.ഡ്രഡ്ജിംഗ് നടന്നിരിക്കെ ഇവിടെ അപകടങ്ങൾ ഉണ്ടായിരുന്നില്ല. ഡ്രഡ്ജിംഗ് നിലച്ചതോടെ ഈ ഭാഗം അപകടമേഖലയായി . നാട്ടുകാരും ഇതര സംസ്ഥാനക്കാരും ആയ എട്ടോളം ആളുകൾ ഇവിടെ അപകടങ്ങളിൽ മരിച്ചിട്ടുണ്ട്. രണ്ടുവർഷം മുമ്പാണ് അവസാനമായി വള്ളം മണൽത്തിട്ടയിടിച്ച് പശ്ചിമ ബംഗാൾ മുർഷിദാബാദ് ഹറുദുംഗയിലെ കോക്കൻ മണ്ഡൽ (20) മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |