തിരുവനന്തപുരം: 'കേരളത്തിന്റേയും വിശേഷിച്ച് തലസ്ഥാന ജില്ലയുടേയും വികസനം അടുത്തതലത്തിലേക്ക് മാറും'. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റവും അധികം കേട്ട കാര്യമാണിത്. വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ എത്തിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ട്രയല്‍ റണ്‍ സമയത്ത് തന്നെ വിഴിഞ്ഞം അതിന്റെ ശേഷിയും കരുത്തും കാട്ടി. പ്രധാനമന്ത്രി വന്നു, ഔദ്യോഗികമായി പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ചു. പക്ഷേ കേരളത്തിലും തലസ്ഥാനത്തും വ്യവസായ മേഖലയില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടായോ?
അങ്ങനെയൊരു ചോദ്യത്തോട് കാര്യമായ മാറ്റമൊന്നും സംഭവിക്കുന്നില്ല അല്ലെങ്കില്‍ അതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് വ്യവസായ സമൂഹം ഉന്നയിക്കുന്ന പ്രധാന ആരോപണം. തുറമുഖവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്ഡക്ക് അടിസ്ഥാന സൗകര്യം ഒരുക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നാണ് പ്രധാന വിമര്‍ശനം. അതുപോലെ തന്നെ ദീര്‍ഘവീക്ഷണത്തോടെ ഭാവിയെ മുന്നില്‍ക്കണ്ട് തയ്യാറെടുപ്പുകള്‍ നടത്താനും സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ലെന്നും വിമര്‍ശനമുണ്ട്.
തുറമുഖത്തോട് ചേര്‍ന്നുള്ള മേഖലകളില്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാനോ, ലോജിസ്റ്റിക് സൗകര്യങ്ങള്‍ക്കുള്ള സ്ഥലമേറ്റെടുക്കാനോ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടിട്ടില്ല. മാത്രമല്ല, തുറമുഖത്ത് നിന്ന് ആഭ്യന്തര കയറ്റിറക്കുമതി ആരംഭിക്കുന്നതിനുള്ള നടപടികളും വേഗത്തിലല്ല. തിരുവനന്തപുരത്ത് പുത്തന്‍ വ്യവസായ വിപ്ലവം യാഥാര്‍ഥ്യമാകുമെന്നായിരുന്നു നേരത്തെ സര്‍ക്കാരിന്റെ പ്രഖ്യാപനം. വിഴിഞ്ഞം തുറമുഖം തലസ്ഥാനത്ത് ലോജിസ്റ്റിക് മേഖലയില്‍ വമ്പന്‍ അവസരങ്ങള്‍ ഒരുക്കുമെന്നും ബഡ്ജറ്റിലുള്‍പ്പെടെ പറഞ്ഞിരുന്നു. എന്നാല്‍ എല്ലാം പ്രഖ്യാപനത്തില്‍ ഒതുങ്ങിയതേയുള്ളു.
എന്നാല്‍ വിഴിഞ്ഞം തുറമുഖം തുറന്നിടുന്ന അവസരം കേരളത്തിന് മുതലാക്കാന്‍ കഴിയുന്നില്ലെങ്കിലും കാര്യങ്ങള്‍ മുന്‍കൂട്ടി കാണുന്ന തമിഴ്‌നാട് ഇതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. തിരുനെല്‍വേലി ജില്ലയിലെ നാങ്കുനേരിയില്‍ രണ്ട് വ്യവസായ പാര്‍ക്കുകള്‍ക്കായി 2260 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്. വിഴിഞ്ഞം തുറമുഖത്ത് നിന്ന് 100 കിലോമീറ്റര്‍ മാത്രമാണ് ഇവിടേയ്ക്കുള്ള ദൂരം. സ്വകാര്യ സംരംഭകരും കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളില്‍ വ്യവസായങ്ങള്‍ തുടങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ട്.
കേരളത്തില്‍ തിരിച്ചടി ഭൂമിവില ?
കേരളത്തില്‍ ഭൂമി കിട്ടാനില്ല, ഉള്ളതിന് വന്‍ വില നല്‍കേണ്ടി വരും. വിഴിഞ്ഞം തുറമുഖം മുന്നില്‍ക്കണ്ട് കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിന്നുള്ള ഇടപെടല്‍ ഭൂമിക്ക് വില ഉയര്‍ത്തിയിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിയുടെ പേര് പറഞ്ഞ് കൊല്ലം ജില്ലയില്‍ പോലും സ്ഥലത്തിന് വില കുത്തനെ കൂടുന്ന പ്രവണതയുണ്ട്. തുറമുഖത്തിന് സമീപ പ്രദേശത്തായി 600 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ആദ്യം ലക്ഷ്യമിട്ടത്. എന്നാല്‍ ഇത്രയും തുക ചെലവാക്കി ഭൂമി ഏറ്റെടുത്ത് സംരംഭകര്‍ക്ക് കൈമാറുക എന്നത് പ്രായോഗികമല്ല. മാത്രമല്ല, തീരപ്രദേശങ്ങളിലെ ജനസാന്ദ്രതയും ഭൂമി ഏറ്റെടുക്കല്‍ ദുഷ്‌കരമാക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |