കൊച്ചി: കഴിഞ്ഞ മൂന്നര മാസത്തിനിടെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) കൊച്ചി യൂണിറ്റ് അന്താരാഷ്ട്ര വിപണിയിൽ 29 കോടി രൂപ വിലവരുന്ന മയക്കുമരുന്നുകളും ലഹരിവസ്തുക്കളും പിടികൂടി. ഗുളിക രൂപത്തിലുള്ള മയക്കുമരുന്ന് വിഴുങ്ങിയെത്തിയ ബ്രസീലിയൻ പൗരന്മാരെ പിടികൂടിയതാണ് ഏറ്റവും ഒടുവിലത്തെ കേസ്.
ഇക്കാലയളവിൽ നാല് പേരെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാസലഹരി വസ്തുക്കൾക്ക് പുറമെ ലഹരിക്കായി ദുരുപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഔഷധങ്ങളും (എൻ.ഡി.പി.എസ്.) പിടികൂടിയവയിൽ ഉൾപ്പെടുന്നു. വിമാനത്താവളങ്ങൾ വഴി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് മയക്കുമരുന്നുകൾ പിടികൂടിയതെന്ന് ഡി.ആർ.ഐ. അധികൃതർ വ്യക്തമാക്കി.
വിവിധ ഏജൻസികളുടെ നിരീക്ഷണവും പിടികൂടലും തുടരുന്നതിനിടയിലും വിദേശങ്ങളിൽ നിന്ന് വൻതോതിൽ ലഹരിവസ്തുക്കൾ കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിൽ സുലഭമാണ്.
ഡാർക്ക്‌നെറ്റ് വഴി മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്ന രണ്ടുപേരെ ഒരാഴ്ച മുമ്പാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) മൂവാറ്റുപുഴയിൽ നിന്ന് പിടികൂടിയത്. ഇടുക്കി പാഞ്ചാലിമേട്ടിൽ റിസോർട്ടിന്റെ മറവിൽ മയക്കുമരുന്ന് ഇടപാടുകൾ നടത്തിയിരുന്ന പറവൂർ സ്വദേശികളായ ദമ്പതികളെയും അറസ്റ്റ് ചെയ്തിരുന്നു.
ലഹരിക്കടത്ത് ശൃംഖലയെ തേടി അന്വേഷണം
മയക്കുമരുന്ന് കടത്തിനെതിരെ തുടർച്ചയായി സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായി, കഴിഞ്ഞ 11ന് സാവോപോളോയിൽ നിന്ന് ദുബായ് വഴി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രണ്ട് ബ്രസീലിയൻ പൗരന്മാരെ പിടികൂടിയിരുന്നു. ഇവരുടെ വയറ്റിൽ നിന്ന് 1671.64 ഗ്രാമിന്റെ 163 കൊക്കെയ്ൻ ഗുളികകൾ വീണ്ടെടുത്തു. യാത്രക്കാർ വിഴുങ്ങിയ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ 17 കോടി രൂപ വിലവരുമെന്നാണ് കണ്ടെത്തൽ. മയക്കുമരുന്ന് കൊടുത്തുവിട്ടവർ ആരെന്നും ആർക്കാണ് കൈപ്പറ്റാനിരുന്നതെന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. കള്ളക്കടത്തിൽ ഉൾപ്പെട്ട ശൃംഖലയെ തിരിച്ചറിയാനുള്ള അന്വേഷണം തുടരുകയാണെന്ന് ഡി.ആർ.ഐ വൃത്തങ്ങൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |