ലണ്ടന്‍: ഇന്ത്യയും - ഇംഗ്ലണ്ടും തമ്മില്‍ ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ അവസാന ദിവസം അവസാന സെഷനില്‍ വെറും 22 റണ്‍സിനാണ് ഇന്ത്യ തോല്‍വി സമ്മതിച്ചത്. അവസാന വിക്കറ്റില്‍ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം മുഹമ്മദ് സിറാജിന്റെ ചെറുത്ത് നില്‍പ്പിനെ ദൗര്‍ഭാഗ്യം പിടികൂടിയതോടെയാണ് ഇംഗ്ലണ്ട് ജയം ആഘോഷിച്ചത്. 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ 112ന് എട്ട് എന്ന നിലയില്‍ തോല്‍വി ഉറപ്പിച്ച സ്ഥിതിയിലായിരുന്നു.
എന്നാല്‍ ഏവരേയും ഞെട്ടിച്ച് ഒമ്പതാം വിക്കറ്റില്‍ ജസ്പ്രീത് ബുംറയേയും അവസാന വിക്കറ്റില്‍ സിറാജിനേയും കൂട്ടുപിടിച്ചുള്ള ചെറുത്ത് നില്‍പ്പ് ഒരുവേള ഇന്ത്യ വിജയിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. 22 ഓവറുകളാണ് ബുംറ - ജഡേജ സഖ്യം പിടിച്ചുനിന്നത്. 13.2 ഓവറാണ് സിറാജും ജഡേജയും പിടിച്ചുനിന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കെയ്ഫ്.
അവസാന രണ്ട് വിക്കറ്റുകള്‍ എളുപ്പത്തില്‍ വീഴ്ത്താമെന്ന കണക്കുകൂട്ടല്‍ തെറ്റുന്നുവെന്ന് മനസ്സിലായ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സും പേസര്‍ ജോഫ്രാ ആര്‍ച്ചറും ചേര്‍ന്ന് ആവിഷ്‌കരിച്ച പദ്ധതിയെക്കുറിച്ചാണ് കെയ്ഫ് വെളിപ്പെടുത്തുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കെയ്ഫിന്റെ ആരോപണം. ബുംറയെ ഔട്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിഞ്ഞ് കൈവിരലിനോ അല്ലെങ്കില്‍ തോളിനോ പരിക്കേല്‍പ്പിക്കാനായിരുന്നു ശ്രമം.
പരിക്കേല്‍ക്കുകയാണെങ്കില്‍ ഇന്ത്യയുടെ മെയിന്‍ ബൗളര്‍ മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റില്‍ കളിക്കില്ലല്ലോ എന്നും ഇംഗ്ലീഷ് ടീം കരുതിയെന്നും കെയ്ഫ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഒടുവില്‍ ഒരു ബൗണ്‍സറില്‍ തന്നെ ബുംറ പുറത്തായതോടെ ഇംഗ്ലണ്ടിന്റെ പദ്ധതികള്‍ വിജയിച്ചുവെന്നും കെയ്ഫ് പറഞ്ഞു നിര്‍ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |