കണ്ണൂർ : മുഖ്യമന്ത്രിയായിരിക്കെ 2015 മേയ് 15 ന് ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത പയ്യാമ്പലത്തെ കുട്ടികളുടെ പാർക്കിന്റേയും സീ പാത്ത് വേയുടേയും ശിലാഫലകം മാറ്റി പകരം അതേ പദ്ധതി ടൂറിസം വകുപ്പു മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തതായി കാണിച്ച് പുതിയ ശിലാഫലകം സ്ഥാപിച്ചെന്ന് ആരോപിച്ച് കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്. ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തതിന്റെ ശിലാഫലകം പാർക്കിന്റെ കവാടത്തിൽ കോൺഗ്രസ് പ്രവർത്തകർ തിരിച്ചെത്തിച്ചു.
അല്പത്തരത്തിന്റെ അങ്ങേയറ്റമെന്ന് മാർട്ടിൻ ജോർജ്
ഇതു തകർക്കുകയോ എടുത്തുമാറ്റുകയോ ചെയ്താൽ ഇവിടെ തന്നെ പുനസ്ഥാപിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് പറഞ്ഞു. ആരുടെ നിർദേശപ്രകാരമാണ് ഇതു ചെയ്തതെന്ന് വ്യക്തമാക്കണം.ഏതു വിവരദോഷിയായ ഉദ്യോഗസ്ഥനാണ് ഇതിനു പിന്നിലെന്ന് അന്വേഷിക്കണം, മുഹമ്മദ് റിയാസ് പുതുതായി എന്തെങ്കിലും ഉദ്ഘാടനം ചെയതിട്ടുണ്ടെങ്കിൽ ശിലാഫലകം സ്ഥാപിക്കാൻ സ്ഥലം വേറെയുമുണ്ടെന്നിരിക്കേ ഉമ്മൻചണ്ടിയുടെ പേരെഴുതിയ ശിലാഫലകം അടത്തിമാറ്റിയത് ബോധപൂർവമാണ്.ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും എ.പി. അനിൽകുമാർ ടൂറിസം മന്ത്രിയുമായിരിക്കേ നിരവധി വികസനപദ്ധതികൾ ടൂറിസം മേഖലയിൽ കണ്ണൂരിൽ നടന്നിരുന്നു. അതിനെയൊക്കെ തമസ്‌കരിച്ച് റിയാസാണ് ഇവിടെ ടൂറിസം വികസനമുണ്ടാക്കിയതെന്നു വരുത്താനുള്ള പ്രഹസനമാണ് ഈ നടപടിയെന്നും മാർട്ടിൻ ജോർജ്ജ് ആരോപിച്ചു.നേതാക്കളായ കെ.പ്രമോദ് ,റിജിൽ മാക്കുറ്റി ,ബൈജു വർഗ്ഗീസ് , ടി. ജയകൃഷ്ണൻ ,പി.മുഹമ്മദ് ഷമ്മാസ് ,കായക്കൽ രാഹുൽ ,എം.കെ.വരുൺ , ഫർഹാൻ മുണ്ടേരി , കെ.കെ.ഷിബിൽ , പി.എ.ഹരി ,റിജിൻ ബാബു എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |