തൃശൂർ: മണ്ണിൽ നീർത്തടം തീർത്ത് ജലസമൃദ്ധമാക്കുകയും ചതുപ്പുനിലങ്ങളിലും വളരുകയും ചെയ്യുന്ന അപൂർവമായ കുളവെട്ടി മരങ്ങൾ വംശനാശ ഭീഷണിയിലേക്ക്. ഏഷ്യയിലെ ഏറ്റവും വലിയ കുളവെട്ടി മരങ്ങളുള്ള കുന്നംകുളം ചൊവ്വന്നൂരിനടുത്തുള്ള കലശമലയിൽ രണ്ട് പതിറ്റാണ്ടുമുൻപ് അഞ്ഞൂറോളമുണ്ടായിരുന്ന കുളവെട്ടി മരങ്ങൾ ഇന്ന് പകുതിപോലുമില്ല. വേനലിലെ കൊടുംചൂടും കാലാവസ്ഥാവ്യതിയാനവും വനവത്കരണ പരിപാടികളിൽ കുളവെട്ടി ഉൾപ്പെടുത്താത്തതുമാണ് വംശനാശത്തിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. ലോകത്ത് ആകെയുള്ള കുളവെട്ടി മരങ്ങളിൽ ഭൂരിഭാഗവും മലയുടെ താഴ്വാരത്തുള്ള വിഷ്ണു ശിവ ക്ഷേത്രത്തില കാവിലാണ് വളർന്നിരുന്നതെന്നാണ് വനശാസ്ത്രജ്ഞരുടെ നിഗമനം.
'കുളം വെട്ടുന്ന' ആഴത്തിലുളള വേരുപടലം
ഭൂമിക്കടിയിലേക്ക് ഊർന്നിറങ്ങുന്ന വെള്ളത്തെ ആഴത്തിലും പരപ്പിലുമുളള വേരുപടലം കൊണ്ട് തടഞ്ഞാണ് പ്രദേശം ചതുപ്പുനിലം പോലെയാക്കുന്നത്. വെള്ളത്തിന്റെ കുത്തിയൊലിപ്പു തടയുന്നതിനും മണ്ണിടിച്ചിൽ തടയുന്നതിനും കഴിവുണ്ട്. കുളവെട്ടി കാടുകളിൽ വളർന്നാൽ വന്യജീവികൾ വെള്ളം തേടി കാടിറങ്ങുകയുമില്ല.
ഒറ്റയ്ക്കും കൂട്ടമായും ഉയരത്തിൽ വളരുന്ന വൃക്ഷത്തിന് ഒരു നൂറ്റാണ്ടിലേറെ പ്രായമുണ്ട്. എളവള്ളി പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം വംശനാശ ഭീഷണി നേരിടുന്ന കുളവെട്ടി മരങ്ങൾക്ക് പുനർജന്മം നൽകിയിരുന്നു.
ടൂറിസത്തിന്റെ ഭാഗമാക്കുന്നതും പരിഗണനയിൽ
കലശമല ഇക്കോ ടൂറിസം പദ്ധതിക്ക് കഴിഞ്ഞദിവസം 12.24 കോടി രൂപയുടെ ഭരണാനുമതിയായി. മരങ്ങൾ ക്ഷേത്രഭൂമിയിലായതിനാൽ ക്ഷേത്രം ഭരണസമിതിയുടെയും ജൈവവൈവിദ്ധ്യ ബോർഡിന്റെയും ശ്രമത്തോടെ കുളവെട്ടിമരങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളും പരിഗണനയിലുണ്ട്. കലശമല ഇക്കോ ടൂറിസം പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനായി ഭൂമിവിലയോടൊപ്പം കണ്ടിജൻസി ചാർജ് നൽകുന്നതിന് ധനവകുപ്പ് തടസം ഉന്നയിച്ചിരുന്നു. ഇതോടെ ഭൂമി ഏറ്റെടുക്കൽ നടപടി അനിശ്ചിതത്വത്തിലായി. എ.സി. മൊയ്തീൻ എം.എൽ.എ ഇടപെട്ട് പ്രതിസന്ധി പരിഹരിച്ചതിനെത്തുടർന്നാണ് പുതുക്കിയ ഭരണാനുമതി ലഭ്യമായത്. ചൊവ്വന്നൂർ, പോർക്കുളം പഞ്ചായത്തുകളിലായി 2.64 ഏക്കർ സ്ഥലത്താണ് ഈ ടൂറിസം വില്ലേജ്.
ഇക്കോ ടൂറിസം പദ്ധതിയുടെ തുടർച്ചയായി കുളവെട്ടി മരങ്ങളുടെ സംരക്ഷണവും പരിഗണനയിലുണ്ട്.
- എ.സി. മൊയ്തീൻ, എം.എൽ.എ. കുന്നംകുളം
അതീവഗുരുതരമായ സസ്യങ്ങളുടെ പട്ടികയിലാണ് കുളവെട്ടി. പാരിസ്ഥിതികപ്രാധാന്യം കണക്കിലെടുത്ത് അടിയന്തരസംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്.
- ഡോ. കണ്ണൻ സി.എസ് വാര്യർ, ഡയറക്ടർ, കേരള വനഗവേഷണ കേന്ദ്രം, പീച്ചി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |