തൃശൂർ: മണിക്കൂറുകൾക്ക് മുൻപേ തകർത്തുപെയ്തെങ്കിലും മഴ മാറിനിന്ന കർക്കടകപുലരിയിൽ വടക്കുന്നാഥന്റെ തെക്കെ ഗോപുരനടയിൽ അലങ്കാരങ്ങളില്ലാതെ കുളിച്ച് കുറിതൊട്ട് അണിനിരന്ന കരിവീരൻമാർക്ക് വിരുന്നൊരുക്കാൻ ആയിരങ്ങൾ ഒഴുകിയെത്തി. കർക്കടകത്തിന് ആരംഭം കുറിച്ച് പുലർച്ചെ നടന്ന മഹാഗണപതി ഹോമത്തിനും രാവിലെ ഏഴരയോടെ നടന്ന ഗജപൂജയ്ക്കും ശേഷമാണ് ആനയൂട്ട് തുടങ്ങിയത്.
പുതൃക്കോവിൽ സാവിത്രിക്ക് മേൽശാന്തി ശ്രീജേഷ് നാരായണൻ നമ്പൂതിരി ആദ്യ ഉരുള നൽകി. ഇതോടെ ഭക്തർ ആനകൾക്ക് കൈതച്ചക്ക, കക്കിരി, പഴം, മാമ്പഴം എന്നിവ നൽകി. കൂടാതെ ചോറുരുളകളും ഉണ്ടായിരുന്നു. എറണാകുളം ശിവകുമാർ, കുട്ടൻകുളങ്ങര അർജുൻ, പുതുപ്പള്ളി കേശവൻ, പാമ്പാടി സുന്ദരൻ, പുതുപ്പള്ളി സാധു, പാറമേക്കാവ് കാശിനാഥൻ, ഗുരുവായൂർ ബാലകൃഷ്ണൻ തുടങ്ങി 63 ആനകൾ അണിനിരന്നു. ഇത്തവണ തിരുവമ്പാടി ലക്ഷ്മിക്കുട്ടിയും, പുതൃക്കോവിൽ സാവിത്രിയും ഉൾപ്പെടെ ഒമ്പത് പിടിയാനകളും ഉണ്ടായിരുന്നു.
കേന്ദ്രമന്ത്രി സുരേഷേ ഗോപി, പി. ബാലചന്ദ്രൻ, എം.എൽ.എ, വി.എസ്. സുനിൽ കുമാർ, മേയർ എം.കെ. വർഗീസ്, കളക്ടർ അർജുൻ പാണ്ഡ്യൻ, ഗായകൻ വിജയ് യേശുദാസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, അംഗങ്ങളായ അജയൻ, സുരേഷ് ബാബു, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. കെ.കെ. വിജയൻ, തഹസിൽദാർ ടി. ജയശ്രീ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കെ.കെ. രാമൻ, സെക്രട്ടറി മനോജ് എന്നിവരടക്കം നിരവധി പ്രമുഖർ എത്തിയിരുന്നു.
പുലർച്ചെ 12008 നാളികേരം കൊണ്ടുള്ള മഹാഗണപതി ഹോമവും നാലു വർഷത്തിലൊരിക്കൽ നടക്കുന്ന ഗജപൂജയും നടന്നു. വെള്ളയിൽ കമ്പിളി വിരിച്ച് ഇരുത്തിയ ആനകളെ തന്ത്രി ശങ്കരനാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ പൂജിച്ചു. രാവിലെ പത്തരമുതൽ അന്നദാന മണ്ഡപത്തിൽ അന്നദാനം നടന്നു. പതിനായിരത്തോളം ഭക്തരാണ് അന്നദാനത്തിൽ പങ്കെടുത്തത്. വൈകിട്ട് നടന്ന ഭഗവത് സേവയ്ക്ക് തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |