ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ ഉത്തരവാദി മുഖ്യ പൈലറ്റാണെന്ന റിപ്പോർട്ടുകൾ തള്ളിയ കേന്ദ്രം അന്തിമ റിപ്പോർട്ട് വരുന്നതുവരെ നിഗമനങ്ങളൊന്നും വേണ്ടെന്ന് വ്യക്തമാക്കി. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.ഐ.ഐ.ബി) റിപ്പോർട്ട് ഉദ്ധരിച്ച് യു.എസ് മാദ്ധ്യമം വാൾ സ്ട്രീറ്റ് ജേർണലാണ് വാർത്ത പുറത്തുവിട്ടത്.
പൈലറ്റുമാരുടെ അവസാന സംഭാഷണം അടിസ്ഥാനമാക്കിയാണ് ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിഴവിലേക്ക് വിരൽ ചൂണ്ടുന്ന വാർത്ത റിപ്പോർട്ട് ചെയ്തത്. പുറത്തുവന്നത് പ്രാഥമിക കണ്ടെത്തലുകളാണെന്നും അന്തിമ റിപ്പോർട്ട് വരുന്നതുവരെ നിഗമനങ്ങൾ വേണ്ടെന്നും സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു വ്യക്തമാക്കി. സാങ്കേതിക വിഷയമാണ്. അഭിപ്രായം പറയാൻ സമയമായിട്ടില്ല. വ്യക്തത വരുന്നതുവരെ കാത്തിരിക്കണം. മികച്ച പൈലറ്റുമാരും ജീവനക്കാരുമാണ് ഇന്ത്യയിലുള്ളത്. സിവിൽ വ്യോമയാന മേഖലയുടെ നട്ടെല്ലായ അവർ നടത്തുന്ന എല്ലാ ശ്രമങ്ങളും പ്രശംസനീയമാണ്. ഈ ഘട്ടത്തിൽ നിഗമനങ്ങളിലെത്താതെ അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കാം-മന്ത്രി പറഞ്ഞു. വാർത്തയിൽ പൈലറ്റുമാരുടെ സംഘടന പ്രതിഷേധമറിയിച്ചു. പ്രാഥമിക റിപ്പോർട്ടിലെ വിശദാംശങ്ങൾ പ്രകാരം ക്യാപ്‌റ്റൻ സ്വിച്ചുകൾ ഓഫ് ചെയ്‌തെന്ന സൂചന ലഭിക്കുന്നതായി വാൾ സ്ട്രീറ്റ് ജേർണൽ പറയുന്നു. സഹപൈലറ്റ് ആശ്‌ചര്യം പ്രകടിപ്പിച്ചപ്പോൾ ക്യാപ്റ്റൻ ശാന്തനായി കാണപ്പെട്ടു. സ്വിച്ചുകൾ ഓഫ് ചെയ്തത് ആകസ്മികമോ മനഃപൂർവമോ ആണെന്ന് റിപ്പോർട്ടിൽ പറഞ്ഞിട്ടില്ലെന്നും വാർത്തയിൽ വ്യക്തമാക്കുന്നു.
മുഖ്യ പൈലറ്റ് സുമീത് സബർവാളിന്റെയും സഹപൈലറ്ര് ക്ലീവ് കുന്ദേറിന്റെയും കോക്ക്പിറ്റ് വോയ്‌സ് റെക്കാഡർ വിശദാംശങ്ങൾ (സി.വി.ആർ) എ.എ.ഐ.ബിയുടെ പ്രാഥമിക റിപ്പോർട്ടിലുണ്ട്. ഇന്ധന നിയന്ത്രണ സ്വിച്ചുകൾ 'റൺ' ൽ നിന്ന് 'കട്ട്ഓഫ്' ആക്കിയതോടെ രണ്ട് എൻജിനുകളും നിലച്ചെന്നും അപകടത്തിന് കാരണമായെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. സ്വിച്ച് ലോക്കുകൾ പ്രവർത്തനരഹിതമായോ എന്നും സോഫ്റ്റ്‌വെയർ തകരാറുണ്ടായോ എന്നും അന്വേഷണം നടക്കുന്നുണ്ട്.
വാർത്ത അടിസ്ഥാനരഹിതംപ്രാഥമിക റിപ്പോർട്ടിൽ പൈലറ്റുമാർ സ്വിച്ചുകൾ ഓഫാക്കിയെന്ന പരാമർശമില്ലെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (എഫ്.ഐ.പി) പ്രസിഡന്റ് സി.എസ്. രൺധാവ പറഞ്ഞു. വാർത്ത അടിസ്ഥാനരഹിതമാണ്. പ്രസിദ്ധീകരണത്തിനെതിരെ നടപടിയെടുക്കും.
സ്വിച്ചുകൾക്ക് പ്രശ്‌നമില്ല
എയർഇന്ത്യയുടെ എല്ലാ ബോയിംഗ് 787-8 വിമാനങ്ങളുടെയും ഇന്ധന നിയന്ത്രണ സ്വിച്ചുകൾ (എഫ്.സി.എസ്) പരിശോധിച്ച് പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പുവരുത്തി. ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ) നിർദ്ദേശപ്രകാരമാണിത്. എല്ലാ ബോയിംഗ് 787-8 വിമാനങ്ങളുടെയും ത്രോട്ടിൽ കൺട്രോൾ മൊഡ്യൂൾ(ടി.സി.എം) മാറ്റിയെന്നും എയർ ഇന്ത്യ അറിയിച്ചു. ഇന്ധന നിയന്ത്രണ സ്വിച്ച് ടി.സി.എമ്മിന്റെ ഭാഗമാണ്.
അന്വേഷണത്തെ ബാധിക്കും: എ.എ.ഐ.ബി
അഹമ്മദാബാദ് അപകടത്തെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് അന്വേഷണത്തിന്റെ സമഗ്രതയെ ബാധിക്കുമെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി). വിദേശ മാദ്ധ്യമത്തിൽ വന്ന വാർത്ത നിരുത്തരവാദപരമാണെന്നും എ.എ.ഐ.ബി ഡയറക്ടർ ജനറൽ ജി.വി.ജി. യുഗന്ധർ പറഞ്ഞു.
അന്വേഷണ പ്രക്രിയ ഇടപെടലുകളില്ലാതെ മുന്നോട്ടു പോകണം. ഈ ഘട്ടത്തിൽ നിഗമനങ്ങളിൽ എത്തിച്ചേരുന്നത് സമഗ്രതയെ ദുർബലപ്പെടുത്തും. തങ്ങളുടെ പ്രാഥമിക റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്. എന്താണ് സംഭവിച്ചത് എന്നതാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്. എന്തുകൊണ്ട് സംഭവിച്ചു എന്നത് അന്തിമ റിപ്പോർട്ടിലാണുണ്ടാകുക. തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ച് വ്യോമയാന സുരക്ഷയെക്കുറിച്ച് പൊതുജനങ്ങളിൽ ആശങ്ക സൃഷ്ടിക്കേണ്ട സമയമല്ലിത്. എല്ലാ ചട്ടങ്ങളും പാലിച്ചാണ് അന്വേഷണമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |