പാട്ന: പട്‌നയിലെ പരസ് ആശുപത്രിയിൽ അഞ്ചംഗ സംഘം അതിക്രമിച്ചുകയറി ചികിത്സയിലായിരുന്ന ക്രിമിനൽ കേസ് പ്രതിയെ വെടിവച്ച് കൊന്നു. ഇന്നലെ രാവിലെയായിരുന്നു സഭവം. നിരവധി കൊലപാതകക്കേസുകളിലെ പ്രതിയായ ചന്ദൻ മിശ്രയാണ് കൊല്ലപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആശുപത്രിയുടെ ഇടനാഴിയിലൂടെ നടന്നെത്തുന്ന അഞ്ചംഗസംഘം മിശ്രയുടെ മുറിക്കു മുന്നിലെത്തി തോക്കുകളെടുക്കുന്നതും മുറിക്കുള്ളിലേക്കു കയറുന്നതും കൊലയ്ക്കു ശേഷം ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. എതിരാളികളായ ചന്ദൻ ഷേരു സംഘമാണ് മിശ്രയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ബക്സർ സ്വദേശിയായ കൊടുംക്രിമിനലാണ് ചന്ദൻ മിശ്രയെന്ന് പൊലീസ് പറഞ്ഞു. ഭഗൽപൂർ ജയിലിലായിരുന്ന ഇയാൾ പരോളിലിറങ്ങി ഇവിടെ ചികിത്സയ്ക്ക് എത്തിയതായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊലയാളികൾക്ക് ആശുപത്രിജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
തലസ്ഥാന നഗരത്തിലെ ആശുപത്രിയിൽ പട്ടാപ്പകൽ നടന്ന കൊലപാതകം ബീഹാറിൽ രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |