ലോസ് ആഞ്ചലസ്: അമേരിക്കൻ പോപ് ഗായികയും നടിയുമായ കോനി ഫ്രാൻസിസ് (87) അന്തരിച്ചു. 1962ൽ കോനി പാടിയ 'പ്രിറ്റി ലിറ്റിൽ ബേബി" എന്ന ഗാനം ഇൻസ്റ്റഗ്രാം, യൂട്യൂബ്, ടിക്ടോക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തരംഗം സൃഷ്ടിക്കുന്നതിനിടെയാണ് വിയോഗം. ഇടുപ്പിനേറ്റ പരിക്ക് മൂലം ഏറെനാളായി വീൽചെയറിൽ കഴിഞ്ഞ കോനിയെ ആരോഗ്യനില മോശമായതോടെ അടുത്തിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
1950കളുടെ അവസാനത്തിലും 1960കളുടെ തുടക്കത്തിലും ഏറ്റവും കൂടുതലും ജനപ്രീതി നേടിയ ഗായികയായ കോനിയുടെ 200 മില്യണിലേറെ റെക്കോർഡുകളാണ് ലോകമെമ്പാടുമായി വിറ്റഴിക്കപ്പെട്ടത്. ബിൽബോർഡ് മാസികയുടെ ഹോട്ട് 100 ലിസ്റ്റിൽ ഒന്നാം സ്ഥാനം കൈവരിച്ച ആദ്യ ഗായികയാണ് കോനി. 1960ൽ 'എവരിബഡീസ് സംബഡീസ് ഫൂൾ" എന്ന പാട്ടിലൂടെയായിരുന്നു ഈ നേട്ടം.
1937 ഡിസംബർ 12ന് ന്യൂജേഴ്സിയിലെ ഒരു ഇറ്റാലിയൻ-അമേരിക്കൻ കുടുംബത്തിലായിരുന്നു കോനിയുടെ ജനനം. 1950ൽ സംഗീത ലോകത്തേക്കെത്തി. സ്റ്റുപ്പിഡ് ക്യൂപിഡ്, മാമ, ഹൂസ് സോറി നൗ തുടങ്ങിയ പാട്ടുകൾ ഹിറ്റായതോടെ യു.എസിന് പുറത്തും കോനി താരമായി. ഇതിനിടെ, ഏതാനും സിനിമകളിലും അഭിനയിച്ചു. 2018ൽ സംഗീത ലോകത്ത് നിന്ന് വിരമിച്ച കോനി ഫ്ലോറിഡയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. കോനി നാല് തവണ വിവാഹിതയായെങ്കിലും പങ്കാളികളുമായി വേർപിരിഞ്ഞു. ഒരു മകനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |