അനാചാരങ്ങളും ദുർമന്ത്രവാദങ്ങളും തടയാനുള്ള നിയമം കൊണ്ടുവരുമെന്ന് സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നതാണെങ്കിലും അതിനുള്ള നടപടികൾക്കൊന്നും തുടക്കം കുറിച്ചിരുന്നില്ല. അതിനിടെ ഇതുസംബന്ധിച്ച നിയമ നിർമ്മാണത്തിൽനിന്ന് സർക്കാർ പിന്നാക്കം പോയെന്ന് വിമർശനവും ഉയർന്നിരുന്നു. എന്നാൽ ഇതിൽ നിന്ന് പിന്നാക്കം പോയിട്ടില്ലെന്നും, നിയമ നിർമ്മാണത്തിന് സർക്കാർ വൈകാതെ രൂപം നൽകുമെന്നും സംസ്ഥാന സർക്കാർ തന്നെ ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്. ഇലന്തൂരിലെ നരബലിയും പല സ്ഥലങ്ങളിലും നടന്ന ദുർമന്ത്രവാദങ്ങളും അതുമായി ബന്ധപ്പെട്ട പീഡന സംഭവങ്ങളും മറ്റും വലിയ വാർത്തയായ ഘട്ടത്തിലാണ് ദുർമന്ത്രവാദവും അനാചാരങ്ങളും തടയുവാനുള്ള നിയമം നിർമ്മിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. ആചാരവും അനാചാരവും തമ്മിലുള്ള വേർതിരിവുകൾ വളരെ നേർത്തതാണെന്നതാണ് ഇത് സംബന്ധിച്ച നിയമ നിർമ്മാണത്തെ സങ്കീർണമാക്കുന്നത്.
ഇന്നലത്തെ അനാചാരങ്ങൾ ഇന്നത്തെ ആചാരമായും തിരിച്ചും സംഭവിക്കാറുണ്ട്. സമൂഹത്തിലെ താഴ്‌ന്ന ശ്രേണികളിൽ കഴിഞ്ഞിരുന്നവർക്ക് പഴയകാലത്ത് ക്ഷേത്രങ്ങളിലും മറ്റും, അന്ന് നാട് ഭരിച്ചിരുന്നവർ പ്രവേശനം അനുവദിച്ചിരുന്നില്ല. അതിനാൽ അവർ മാടനെയും മറുതയെയുമൊക്കെ സ്വന്തം നിലയിൽ പൂജിക്കുകയും മൃഗബലി തുടങ്ങിയ ദുരാചാരങ്ങൾ അനുവർത്തിക്കുകയും ചെയ്തു. മാനവകുലം ഉണ്ടായ കാലം മുതൽ പ്രകൃതിശക്തികളെ പല രീതിയിൽ ആരാധിക്കാനുള്ള സമ്പ്രദായങ്ങളും ഉടലെടുത്തിരുന്നതാണ്. അജ്ഞാനത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ നിന്ന് മനുഷ്യൻ പുരോഗമിക്കാൻ തുടങ്ങിയപ്പോഴും സമൂഹത്തിൽ ജന്മംകൊണ്ട മഹാത്മാക്കളുടെ സ്വാധീനത്താലുമാണ് വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ ഏറെക്കുറെ പരിഷ്‌കൃതമാകാൻ തുടങ്ങിയത്.
മാടന്റെയും മറുതയുടെയും അറുകൊലയുടെയുമൊക്കെ ബിംബങ്ങൾ എടുത്തുകളഞ്ഞ് അതിനു പകരം വേദങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള ഈശ്വര വിഗ്രഹങ്ങളെ പ്രതിഷ്ഠിച്ച് ക്ഷേത്രങ്ങൾ സ്ഥാപിക്കുകയും ചെയ്തതിൽ കേരളത്തിൽ ഏറ്റവും പ്രഥമസ്‌മരണീയനായി കണക്കാക്കേണ്ടത് ശ്രീനാരായണ ഗുരുദേവനെയാണ്. കോലാഹലങ്ങളും അതിക്രമിച്ചു കടക്കലും പ്രതിഷേധങ്ങളുമൊന്നുമില്ലാതെ, ഹിന്ദുക്കളിലെ താഴ്‌ന്ന വർഗക്കാരെന്ന് മുദ്രകുത്തപ്പെട്ടിരുന്നവർക്ക് ആരാധനാ സ്വാതന്ത്ര്യം നൽകുകയായിരുന്നു ഗുരുദേവൻ. വേദപ്രോക്‌തങ്ങളായ വിഗ്രഹങ്ങളാണ് ഗുരുദേവൻ പ്രതിഷ്ഠിച്ചതെങ്കിലും അവിടെ പൂജ നടത്താൻ വരേണ്യവർഗത്തിന്റെ പ്രതിനിധികളെയല്ല ചുമതലപ്പെടുത്തിയത്. പകരം, അതത് സമുദായങ്ങളിലുള്ള ഒരു വ്യക്തിയെയായിരുന്നു. അവർക്ക് പൂജയുടെ ലഘുവായ ചിട്ടവട്ടങ്ങൾ ഗുരുദേവൻ തന്നെ പറഞ്ഞുകൊടുത്തിരുന്നു. അതായിരുന്നു ഏറ്റവും വലിയ സംഘർഷരഹിത നിശബ്ദ വിപ്ളവം. മറ്റ് ഹിന്ദു ക്ഷേത്രങ്ങളിൽ ജനസാമാന്യത്തിൽ ഭൂരിപക്ഷം വരുന്ന വിഭാഗങ്ങളെ കയറ്റിയില്ലെങ്കിൽ കാലക്രമേണ അന്യം നിന്നുപോകുന്നത് ആ ക്ഷേത്രങ്ങളായിരിക്കും എന്ന സാഹചര്യം ഇതിലൂടെ ഉരുത്തിരിഞ്ഞുവന്നതാണ് ക്ഷേത്രപ്രവേശന വിളംബരത്തിലേക്കും മറ്റും വഴിതെളിയാനിടയാക്കിയത്.
അന്നത്തെ കാലം വളരെ മാറിയെങ്കിലും ഇന്നും അന്ധവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെയും പേരിൽ മനുഷ്യനെ സാമൂഹ്യമായും സാമ്പത്തികമായും ശാരീരികമായും മറ്റും ചൂഷണം ചെയ്യുന്ന ദുഷ്ടലാക്കുള്ള വ്യക്തികളുടെയും കേന്ദ്രങ്ങളുടെയും എണ്ണം കുറവാണെന്ന് പറയാനാകില്ല. അന്ധവിശ്വാസവും അനാചാരങ്ങളും കൂടിവരികയാണോ എന്ന സംശയം ഉണർത്തുന്ന നിരവധി സംഭവങ്ങൾ അടിക്കടി ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. മനുഷ്യന്റെ പരിതാപകരമായ അവസ്ഥകളും അജ്ഞതയും ആർത്തിയും പ്രതികാരവാഞ്ഛയുമൊക്കെയാണ് ദുർമന്ത്രവാദികൾ മുതലെടുക്കുന്നത്. മന്ത്രവാദത്തിന്റെ പേരിൽ, ഏതു മതത്തിൽപ്പെട്ടവരായാലും നടത്തുന്ന ലൈംഗികപീഡനം, ചികിത്സ, ബാധ ഒഴിപ്പിക്കൽ തുടങ്ങിയവ നിയമം മൂലം നിരോധിക്കേണ്ടവ തന്നെയാണ്. അത്‌ഭുത സിദ്ധിയുടെ പേരിലുള്ള സാമ്പത്തിക തട്ടിപ്പുകൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയും വേണം. എല്ലാ വശങ്ങളും സമഗ്രമായി വിലയിരുത്തിയും, അതേസമയം ഒരു മതവിഭാഗത്തിന്റെയും വികാരം വ്രണപ്പെടുത്താതെയുമുള്ള നിയമ നിർമ്മാണത്തിനാണ് സർക്കാർ രൂപം നൽകേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |