കോട്ടയം : പെയ്യാൻ കാത്ത് നിന്ന പുതുപ്പള്ളിയുടെ മേഘത്തിന് താഴെ പെരുമഴപോലെ പൊതുജനം നിറഞ്ഞു. എല്ലാവരുടെയും ഉള്ളിൽ ഉമ്മൻചാണ്ടി ഓർമ്മകൾ സുഗന്ധം പരത്തി. പള്ളിയിൽ പ്രാർത്ഥിച്ചും കബറിടത്തിൽ തിരിതെളിച്ചും ചാണ്ടിയേയും മറിയയേയും മറിയാമ്മയേും ചേർത്തണച്ചും അനുസ്മരണ സമ്മേളനച്ചടങ്ങിലേയ്ക്ക് ആട്ടിൻകൂട്ടങ്ങളെ പോലെ അടിവച്ചവർ നടന്നു. ആൾക്കൂട്ടം കണ്ടാണ് ഇന്നലത്തെ പുതുപ്പള്ളിയുടെ പ്രഭാതം തുടങ്ങിയത്. ഉമ്മൻചാണ്ടിയെന്ന പേര് പോലും ആളെക്കൂട്ടുമെന്നതിന്റെ ദൃഷ്ടാന്തം. ഇടയ്ക്കിടെ പൊടിഞ്ഞും ചാറിയും തമിർത്തും മഴ പെയ്തിറങ്ങി. വലിയ പള്ളിയിൽ ഇടയശ്രേഷ്ഠൻമാരുടെ കാർമികത്വത്തിൽ നടത്തിയ കുർബാനയിലും കല്ലറയിൽ നടന്ന പ്രത്യേക പ്രാർത്ഥനയിലുമൊന്നും ഒരാളും അവനവനെ ഓർത്തില്ല. സുഹൃത്തുക്കൾ, സഹോദരങ്ങൾ, സമകാലീനർ, സാധാരണക്കാർ. കാരുണ്യക്കനവ് കിട്ടാത്തവരില്ലായിരുന്നു അവരിൽ. ജാതിയും മതവും നിറവും പ്രായവുമങ്ങനെ മനുഷ്യനെ വേർതിരിക്കുന്ന എല്ലാ അതിർവരമ്പുകളും മെഴുകിതിരിപോലെ ഉരുകി. മനസിന്റെ ഭിത്തിയിൽ ഒരുരൂപവും ഒരു പേരും മാത്രം, ഉമ്മൻചാണ്ടി. ഞായറാഴ്ചകളിൽ പതിവായി പ്രാർത്ഥിച്ചിരിക്കാറുള്ള പള്ളിപ്പടിക്കെട്ടും തിരികത്തിക്കുന്ന കൽക്കുരിശിങ്കലും കുശലം പറഞ്ഞിരുന്ന പുതുപ്പള്ളിയുടെ വഴിയോരത്തുമൊക്കെ ഉമ്മൻചാണ്ടിയുടെ അദൃശ്യസാന്നിദ്ധ്യം നിറഞ്ഞു. അന്തരീക്ഷത്തിലെ ധൂപക്കാറ്റിലും ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ.
വിടവാങ്ങിയിട്ട് രണ്ടുവർഷം പിന്നിട്ടിട്ടും ഒരു മഹാമനുഷ്യൻ ബാക്കിവച്ചതൊക്കെ പതിവുപോലെ ഇന്നലെയും പുതുപ്പള്ളി കണ്ടു. പതിനായിരം പേരെ പ്രതീക്ഷിച്ച് അനുസ്മരണ സമ്മേളനത്തിനൊരുക്കിയ പന്തൽ നിറഞ്ഞു കവിഞ്ഞു. ഇന്നോളം ഒരു നേതാവിനുമില്ലാത്ത പിന്തുണ ഉമ്മൻചാണ്ടിക്കുണ്ടെന്ന് വീണ്ടും തെളിഞ്ഞു. തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളൊക്കെ വലിപ്പച്ചെറുപ്പമില്ലാതെ പങ്കുവച്ചു. രാഹുൽ ഗാന്ധി വരാൻ അൽപ്പം വൈകിയപ്പോഴും ഒരാളും അക്ഷമരായില്ല. ഇല്ലാ, ഇല്ല മരിക്കുന്നില്ല ഞങ്ങളുടെ നേതാവ് മരിക്കുന്നില്ല. ഹൈഡ്രജൻ ബലൂൺ പോലെ അന്തരീക്ഷത്തിൽ പൊന്തിയ മുദ്രാവാക്യത്തിന് ചുവന്നുതുടുത്തൊരു സ്നേഹ ഹൃദയത്തിന്റെ രൂപമുണ്ടായിരുന്നു. രാഷ്ട്രീയ കേരളം ഇന്നലെ വീണ്ടും തിരിച്ചറിഞ്ഞു. കാലമെത്ര കഴിഞ്ഞാലും ഉമ്മൻചാണ്ടി ജനമനസുകളിലുണ്ടാവും, പലതവണ പെയ്തൊഴിഞ്ഞാലും മാനത്ത് വീണ്ടും നിറയുന്ന മഴമേഘങ്ങളെപ്പോലെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |