മുട്ടം: മീനച്ചിൽ കുടിവെള്ള പദ്ധതിക്ക് വേണ്ടി ജലജീവൻ മിഷൻ അധികൃതർ കുത്തിപ്പൊളിച്ച തോട്ടുങ്കര - വള്ളിപ്പാറ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് തോട്ടുങ്കര വികസന സമിതിയുടെ നേതൃത്വത്തിൽ ജനകീയ സമരത്തിന് ഒരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. പൈപ്പുകൾ സ്ഥാപിക്കുന്നതിന് ആദ്യ ഘട്ടത്തിൽ തോട്ടുങ്കര മുതൽ ചള്ളാവയൽ വരെയുള്ള റോഡാണ് പൊളിച്ചത്. രണ്ടാം ഘട്ടത്തിലാണ് വള്ളിപ്പാറ പ്രദേശത്തെ റോഡ് കുത്തിപ്പൊളിച്ചത്. പൈപ്പുകൾ സ്ഥാപിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ടാറിങ് നടത്തി റോഡ് പുനഃസ്ഥാപിക്കാൻ അധികൃതർ താത്പര്യപ്പെട്ടില്ല. വാഹനങ്ങൾ കടന്ന് പോയതിനെ തുടർന്നും മഴ വെള്ളം ഒഴുകിയും റോഡിൽ വ്യാപകമായി ഗർത്തങ്ങൾ നിറഞ്ഞ അവസ്ഥയാണ്. ഇവിടെ ഇരുചക്രവാഹന യാത്രികർ ഉൾപ്പെടെ അപകടങ്ങളിൽപ്പെട്ട് ഗുരുതരമായി പരിക്കേൽക്കുന്നതും ആവർത്തിക്കുകയാണ്. മുട്ടം- ഈരാറ്റുപേട്ട, മുട്ടം- പാല ഭാഗങ്ങളിലേക്ക് നിത്യവും നൂറുകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന പാതയായതിനാൽ പ്രദേശത്ത് ഗതാഗതകുരുക്കും അതി രൂക്ഷമാണ്. ഇതിന് പുറമെ ഒരു മാസത്തോളമായി വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടി ലിറ്റർ കണക്കിന് കുടിവെള്ളമാണ് റോഡിലൂടെ പാഴാകുന്നത്. പ്രശ്ന പരിഹാരത്തിന് മന്ത്രി, എം.എൽ.എ, എം.പി, കളക്ടർ ഉൾപ്പടെയുള്ള അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് തോട്ടുങ്കര വികസന സമിതിയുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |