തൃശൂർ: ഒരു മാസത്തോളമായി വെള്ളക്കെട്ടൊഴിയാതെ പുള്ള്-മനക്കൊടി മേഖല. വെള്ളം നിറഞ്ഞതോടെ പുള്ള്-മനക്കൊടി റോഡിൽ ഗതാഗതം നിലച്ചു. ആലപ്പാട് പള്ളിപ്പുറം റോഡിലും വെള്ളക്കെട്ട് രൂക്ഷമായതോടെ പലപ്പോഴും ഗതാഗതം നിറുത്തിവെക്കുകയാണ്. ആലപ്പാട് പുള്ള് പാടശേഖരങ്ങളിലേക്ക് എത്തുന്ന വെള്ളം പുത്തൻതോട് പുള്ള് പാലം, പെരുമ്പുഴ തോട് വഴി എനാമാവിലേക്ക് എത്തി അവിടെ നിന്ന് കടലിലേക്കാണ് ഒഴുകാറ്. എന്നാൽ കനാലുകളിൽ കുളവാഴകളും ചണ്ടികളും നിറഞ്ഞതോടെ നിലവിൽ വെള്ളം മുഴുവൻ പാടശേഖരങ്ങളിലേക്കാണ് ഒഴുകുന്നത്. പല പാടശേഖരങ്ങളിലും എട്ടടിയിലേറെ വെള്ളം കെട്ടിനിൽക്കുന്നുണ്ട്. കോൾ പാടങ്ങളിൽ വെള്ളം നിറഞ്ഞതോടെ അപകടങ്ങളും പതിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുള്ള് പാടത്ത് കൂട്ടുകാരനോടൊത്ത് വെള്ളത്തിലിറങ്ങിയ എൻജീനിയറിംഗ് വിദ്യാർത്ഥി മുങ്ങി മരിച്ചിരുന്നു. ചാഴൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന വിളക്കുംപാടം പാടശേഖരത്തിനും വാരിയം പടവിനും ഇടയിലായിരുന്നു അപകടം. ജില്ലയിലെ പല കോൾ പടവുകളും വെള്ളം കയറി അപകടാവസ്ഥയിലാണ്. പലരും ജാഗ്രതയില്ലാതെ വെള്ളത്തിലേക്ക് ഇറങ്ങുന്നതും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്.
ഒല്ലൂർ, കൂർക്കഞ്ചേരി, നെടുപുഴ, അവിണിശ്ശേരി, പാറളം പഞ്ചായത്ത്, വല്ലച്ചിറ പഞ്ചായത്തിന്റെ ഒരു ഭാഗം, ചേർപ്പ് ,ചാഴൂർ , താന്ന്യം, അന്തിക്കാട് പഞ്ചായത്തുകൾ, അരിമ്പൂർ പഞ്ചായത്ത് തെക്ക് ഭാഗം ഒപ്പം കരുവന്നൂർ പുഴയിൽ നിന്നുമുള്ള മൂന്നു മുഖങ്ങളായ കമാന്റോ മൗത്ത് , ചിറക്കൽ തോട്, കരാഞ്ചിറ ചീപ്പ് എന്നിവയിലൂടെയാണ് വെള്ളം മേഖലയിലേയ്ക്ക് എത്തുന്നത്.
നടപടി സ്വീകരിക്കാൻ നിർദ്ദേശം
ശാസ്താം കടവ് മുതൽ പുള്ള് വരെയുള്ള ഭാഗങ്ങളിൽ ചാലുകളിലെ തടസങ്ങൾ നീക്കാൻ അടിയന്തിര ഇടപെടൽ നടത്താൻ ജില്ലാ കളക്ടർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. സബ് കളക്ടർ അഖിൽ വി.മേനോൻ ഇന്നലെ പുള്ള് മേഖലയിൽ സന്ദർശനം നടത്തിയ ശേഷം കർഷകരും പഞ്ചായത്ത് അധികൃതരുമായി ചർച്ച നടത്തി. ഇന്ന് തന്നെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാൻ സബ് കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇടിയഞ്ചിറ കനൽ ഭാഗത്താണ് നിലവിൽ മെഷീൻ ഉള്ളത്. അത് ശാസ്താംകടവ് ഭാഗത്ത് എത്തിച്ച ശേഷം അവിടെ നിന്ന് പ്രവർത്തനം ആരംഭിക്കും. എത്രയും പെട്ടെന്ന് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിച്ച് വരുന്നത്.
( അഖിൽ.വി.മേനോൻ, സബ് കളക്ടർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |