കോന്നി: കോന്നി ഗവ: മെഡിക്കൽ കോളേജിന്റെ വികസനം പുരോഗമിക്കുന്നു. നിലവിലുള്ള സംവിധാനങ്ങൾക്ക് പുറമേ കൂടുതൽ മികച്ച സേവനങ്ങൾ നടപ്പാക്കാനാണ് ശ്രമം. കുറഞ്ഞ ചെലവിൽ ആധുനിക നിലവാരത്തിലുള്ള ചികിത്സ നൽകുന്നതിന് ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇഎൻടി, ഗൈനക്കോളജി, ഓത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, സൈക്കാട്രി, ഒഫ്താൽമോളജി വിഭാഗങ്ങൾ ഇപ്പോഴിവിടെയുണ്ട്.
ഫുൾ ഓട്ടോമാറ്റിക്ക് ഹെമറ്റോളജി, സെമി ഓട്ടോമാറ്റിക്ക് യൂറിൻ അനലൈസർ, മൈക്രോസ്‌കോപ്പ്, ഇൻകുബേറ്റർ, ഹോട്ട് എയർ ഓവൻ എന്നീ ആധുനിക സൗകര്യങ്ങളോടും കൂടിയതാണ് ലബോറട്ടറി. ജില്ലയിലെ ആദ്യ 128 സ്ലൈസ് സി.ടി സ്‌കാനും ഇവിടെയുണ്ട്. റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിൽ സി.ടി, അൾട്രാസൗണ്ട്, എക്‌സ് റേ സൗകര്യവും അവശ്യമരുന്നുകളും സർജിക്കൽ ഉപകരണങ്ങളും ഉണ്ട്. ഫാർമസിയും ബ്ലഡ് ബാങ്കും, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും മെഡിസെപ്പ് സേവനവും സജ്ജമാക്കിയിട്ടുണ്ട്.
ആശുപത്രി വികനത്തിന്റെ ആദ്യ ഘട്ടത്തിൽ 167.33 കോടി രൂപ വിനിയോഗിച്ച് 300 കിടക്കകളുള്ള ആശുപത്രി അക്കാദമിക് ബ്ലോക്ക് നിർമ്മിച്ചു. അത്യാഹിതം, ഒ.പി, ഐ.പി വിഭാഗങ്ങളുടെ പ്രവർത്തനം ആരംഭിച്ചു. കിഫ്ബി വഴി രണ്ടാംഘട്ട പ്രവർത്തനത്തിന് അനുവദിച്ച 351.72 കോടി രൂപയുടെ പ്രവർത്തനം പുരോഗമിക്കുന്നു.
പുതിയ കെട്ടിടം ഏഴുനിലകളിൽ
200 കിടക്കകളും അഞ്ച് വിഭാഗങ്ങളും ചേർന്ന ഏഴുനില കെട്ടിടത്തിന്റെയും 800 സീറ്റുള്ള ഓഡിറ്റോറിയത്തിന്റെയും നിർമ്മാണം അവസാനഘട്ടത്തിലാണ്. ഫോറൻസിക് വിഭാഗത്തിന്റെ ഭാഗമായ മോർച്ചറി ബ്ലോക്കിൽ മജിസ്റ്റീരിയൽ, പൊലീസ് ഇൻക്വസ്റ്റ് റൂമുകൾ, മൃതദേഹം സൂക്ഷിക്കാൻ 10 കോൾഡ് ചേമ്പർ, പോസ്റ്റ്‌മോർട്ടം ചെയ്യാനുള്ള നാലു ഓട്ടോപ്‌സി ടേബിൾ, മെഡിക്കൽ ഓഫീസർ റൂം, സ്റ്റാഫ് റൂം, റിസപ്ഷൻ എന്നിവയും സജ്ജമാക്കി.
20 കിടക്കകളുള്ള ഐസിയു, ഏഴ് വെന്റിലേറ്റർ ബെഡുകൾ, ലക്ഷ്യ നിലവാരത്തിൽ മൂന്നര കോടി രൂപ ചെലവഴിച്ച് ഗൈനക്കോളജി വിഭാഗത്തിൽ രണ്ട് ഓപ്പറേഷൻ തീയറ്റർ, ലേബർ റൂം, വാർഡുകൾ എന്നിവയും പൂർത്തിയായി.
ഒരു കോടി രൂപ ചെലവിലുള്ള മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡ് നിർമ്മാണം കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലേക്കുള്ള രണ്ട് പ്രധാന റോഡുകളുടെയും വികസന പ്രവർത്തനങ്ങൾ നടക്കുകയാണ്.
രണ്ടാം ഘട്ടത്തിൽ
ആശുപത്രിക്കും കോളജിനും അഡ്മിനിസ്‌ട്രേഷനുമായി പുതിയ ബ്ലോക്ക്, വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ, അപ്പാർട്ട്‌മെന്റുകൾ, ഡീൻസ് വില്ല, ഓഡിറ്റോറിയം, മോർച്ചറി, ലോൺട്രി തുടങ്ങിയവയുടെ നിർമാണമാണ് രണ്ടാം ഘട്ടത്തിലുൾപ്പെടുന്നത്.
--------------------
300 വിദ്യാർത്ഥികൾ എംബിബിഎസ് പഠനത്തിന്
@ ബസ് സ്റ്റാൻഡ് നിർമ്മാണം ഉദ്ഘാടനംചെയ്തു
@ രണ്ട് റോഡുകളുടെ വികസനം തുടങ്ങി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |