വെഞ്ഞാറമൂട്:പ്രവർത്തിച്ചു കൊണ്ടിരുന്ന അരി ആട്ടു യന്ത്രത്തിൽ കുടുങ്ങി ഫ്ലവർ മിൽ ജീവനക്കാരിയ്ക്ക് കഴുത്തറ്റ് ദാരുണാന്ത്യം.വെഞ്ഞാറമൂട്ടിൽ നെല്ലനാട് പഞ്ചായത്ത് ഓഫിസിനു പിന്നിലായി പ്രവർത്തിക്കുന്ന ആരുഡിയിൽ മില്ലിലെ ജീവനക്കാരി പുളിമാത്ത് ക്ഷേത്രത്തിനു സമീപം പാറമുകളിൽ വീട്ടിൽ എസ്.ബീന(42) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് 3.15നാണ് സംഭവം.
അരി ആട്ടി കഴിഞ്ഞ് മെഷിനിന്റെ സ്വിച്ച് ഓഫ് ചെയ്യാൻ വേണ്ടി സ്വിച്ച് ബോർഡിനടുത്തേക്ക് പോകുമ്പോൾ തറയിൽ കിടന്ന തടിക്കഷണത്തിൽ തട്ടി ബീന മെഷിന്റെ ബെൽറ്റിലേക്ക് വീഴുകയായിരുന്നു. ഒപ്പം ജോലി ചെയ്യുന്ന രണ്ടുപേർ വലിയ ശബ്ദം കേട്ട് എത്തുമ്പോൾ മെഷീനെ മോട്ടറുമായി ബന്ധിപ്പിക്കുന്ന ഇരുമ്പ് ദണ്ഡിൽ കുരുങ്ങിയ നിലയിലായിരുന്നു ബീന.ഉടനെ എല്ലാ മെഷിനും നിർത്തിയിട്ടു. ജീവനക്കാരുടെ വിളികേട്ട് സമീപത്തെ കടകളിൽ ഉണ്ടായിരുന്നവരും നാട്ടുകാരും എത്തുമ്പോൾ മരണം സംഭവിച്ചിരുന്നു. വെഞ്ഞാറമൂട് ഫയർ ഫോഴ്സ് എത്തി നടത്തിയ പരിശോധനയിൽ തലയും ഉടലും വേർപെട്ട നിലയിലായിരുന്നു.കഴുത്തിലെ ഷാളും തലമുടിയും ബൽറ്റിൽ കുരുങ്ങി കിടക്കുകയായിരുന്നു.
വെഞ്ഞാറമൂട് അഗ്നിരക്ഷാ സേന എ.എസ്.ടി.ഒ സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ എത്തിയ സംഘം മൃതദേഹം പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.ഭർത്താവ്: ഉണ്ണി (ചുമട്ടുതൊഴിലാളി).മക്കൾ:പ്രവീൺ,വീണ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |