ന്യൂഡല്‍ഹി: കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ചരക്കു നീക്കത്തിന് ഇടാക്കിയിരുന്ന കസ്റ്റംസ് കോസ്റ്റ് റിക്കവറി ചാര്‍ജ്(സി.സി.ആര്‍.സി) ഒഴിവാക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം അനുമതി നല്‍കി. കണ്ണൂരിനെ കാര്‍ഗോ ഹബ്ബ് ആക്കി മാറ്റുന്നതിന്റെ ഭാഗമായി നിരക്ക് ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മെയില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണിത്.
സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചുള്ള കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയുടെ കത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസിന് കൈമാറി. കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പുമായി ചര്‍ച്ച ചെയ്ത് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള അതോറിട്ടിക്ക് ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് കെ.വി. തോമസ് അറിയിച്ചു. വിമാനത്താവളത്തിലെി കസ്റ്റംസ് സേവനങ്ങള്‍ക്കുള്ള നിരക്കാണ് സി.സി.ആര്‍.സിയായി ഈടാക്കുന്നത്.
അന്തര്‍ദേശീയ വിമാനങ്ങള്‍ക്ക് കണ്ണൂരില്‍ ഇറക്കാന്‍ അനുവാദം നല്‍കണമെന്ന് ഇന്നലെ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമനുമായുള്ള കൂടിക്കാഴ്ചയില്‍ കെ.വി.തോമസ് ആവശ്യപ്പെട്ടു. സെപ്തംബറില്‍ ചേരുന്ന കേന്ദ്ര മന്ത്രിസഭ സബ് കമ്മിറ്റി യോഗത്തില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് അന്തര്‍ദേശീയ വിമാനത്താവളമാക്കുന്നതില്‍ തീരുമാനമുണ്ടാകുമെന്ന് കേന്ദ്രധനമന്ത്രി കെ.വി. തോമസിനെ അറിയിച്ചു. കേരളത്തിന് എയിംസ് ഉടനടി അനുവദിക്കുക , വയനാട് ദുരന്ത സഹായം വേഗത്തിലാക്കുക, കെ റെയില്‍ പദ്ധതി ഉടന്‍ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |