കല്ലമ്പലം: കിഴക്കനേല ഗവ.എൽ.പി.എസിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ഡി.ഇ.ഒ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടും അനാസ്ഥ കാട്ടിയ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടുമാണ് കോൺഗ്രസ് പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തിയത്. ഹെഡ്മാസ്റ്ററുടെ മുറിയിൽ കയറി സമരക്കാർ മുദ്രാവാക്യം മുഴക്കി. ഓഫീസ് പ്രവർത്തനം പൂർണമായും തടസ്സപ്പെട്ടു. സമരക്കാരെ ഓഫീസിൽ നിന്നിറക്കുവാനുള്ള പൊലീസ് ശ്രമം കയ്യാങ്കളിയിൽ കലാശിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചാൽ പുറത്തിറങ്ങുമെന്ന് സമരക്കാർ അറിയിച്ചു. സമരക്കാരെ ആദ്യം അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് മടി കാണിച്ചെങ്കിലും സംഘർഷാവസ്ഥയായതോടെ പൊലീസ് ബലപ്രയോഗത്തിലൂടെ സമരക്കാരെ ഓഫീസിൽ നിന്നും പുറത്തിറക്കി. ഡി.ഇ.ഒ സ്ഥലത്തെത്തി നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നൽകിയതോടെ കോൺഗ്രസ് പ്രവർത്തകർ സമരം അവസാനിപ്പിച്ചു. ഡി.സി.സി സെക്രട്ടറി അഡ്വ.റിഹാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.ജിഹാദ് കല്ലമ്പലം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജ്യോതി ലാൽ, ബ്ലോക്ക് പ്രസിഡന്റ് അനീഷ് നാവായിക്കുളം, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ എം.എസ് അരുൺ, ഷെറിൻ കെട്ടിടം മുക്ക്, ഗോപാലകൃഷ്ണൻ നായർ,സുഹൈൽ,സെയ്തലി,റോബിൻ,സന്ധ്യ.സി,റീന ഫസൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |