ആലുവ: താൻ മുസ്ലിം വിരോധിയല്ലെന്നും എത്ര അധിക്ഷേപിച്ചാലും സത്യം തുറന്നു പറയുമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആലുവയിൽ ശാഖാ നേതൃത്വസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ തീയിൽ തളിർത്തതാണെന്നും വെയിലത്ത് വാടില്ലെന്നും അണികളുടെ ഹർഷാരവങ്ങൾക്കിടയിൽ വെള്ളാപ്പള്ളി പറഞ്ഞു.
30 വർഷമായി എസ്.എൻ.ഡി.പി യോഗത്തിന്റെ കണക്കുകൾ ഓഡിറ്റ് ചെയ്യുന്നത് കൊല്ലത്തെ റഹീം അസോസിയേറ്റ്സാണ്. മതം നോക്കിയാണെങ്കിൽ ഈഴവർ ഇല്ലാഞ്ഞിട്ടാണോയിത്?. യോഗത്തിനെതിരായ നൂറുകണക്കിന് കേസുകൾ കൈകാര്യം ചെയ്യുന്നത് കൊല്ലത്തെ നിസാറെന്ന അഭിഭാഷകനാണ്. എസ്.എൻ ട്രസ്റ്റിന്റെ കോളേജുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് മലബാർ സ്വദേശി റഹീമാണ്. സദസിലിരുന്ന റഹീമിനെ പരിയപ്പെടുത്തിയാണ് വെള്ളാപ്പള്ളി തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. മലപ്പുറത്ത് യോഗത്തിന്റെ ഒരു അൺ എയ്ഡഡ് കോളേജ് എയിഡഡ് കോളേജാക്കുന്നതിന് സർക്കാരിന് അപേക്ഷ നൽകിയത് റഹീം മുഖേനയാണ്. ഇതൊന്നുമറിയാതെയാണ് മുസ്ലിം ലീഗിലെ ചില കുട്ടിനേതാക്കൾ അപേക്ഷ നൽകിയില്ലെന്ന് പ്രചരിപ്പിക്കുന്നത്. എസ്.എൻ ട്രസ്റ്റിന് ആകെയുള്ള കോളേജുകൾ മുസ്ലിം സമുദായത്തിന് മലപ്പുറം ജില്ലയിൽ മാത്രമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പുകഴ്ത്തി മന്ത്രി വാസവനും കോൺ., ബി.ജെ.പി നേതാക്കളും
മുസ്ലിം ലീഗിനെയും കാന്തപുരം അബൂബക്കർ മുസ്ല്യാരെയും കേരളത്തിലെ ന്യൂനപക്ഷ മേൽക്കോയ്മയെയും രൂക്ഷമായി വിമർശിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അതേ വേദിയിൽ മന്ത്രി വി.എൻ. വാസവനും പ്രതിപക്ഷ പാർട്ടി നേതാക്കളും മുക്തകണ്ഠം പ്രശംസിച്ചത് കൗതുകമായി.യോഗം ജനറൽ സെക്രട്ടറി പദത്തിൽ 30വർഷം പിന്നിടുന്ന വെള്ളാപ്പള്ളിയെ പള്ളുരുത്തിയിൽ ആദരിച്ച ചടങ്ങിലായിരുന്നു ഈ രംഗങ്ങൾ.വെള്ളാപ്പള്ളിയുടെ പ്രസംഗത്തിന് മുമ്പ് യോഗം ഉദ്ഘാടനം ചെയ്ത മന്ത്രി വി.എൻ. വാസവൻ, വിരമിക്കൽ പ്രായമായ 56-ാം വയസിൽ വീട്ടിൽ വിശ്രമ ജീവിതം നയിക്കേണ്ട കാലത്ത് ഉൗർജസ്വലനായി ചരിത്രം സൃഷ്ടിക്കുകയാണ് വെള്ളാപ്പള്ളിയെന്ന് പറഞ്ഞു.
കുത്തഴിഞ്ഞ പുസ്തകമായിരുന്ന എസ്.എൻ.ഡി.പി യോഗത്തെ കുത്തിക്കെട്ടി നല്ല പുസ്തകമാക്കി അടുക്കും ചിട്ടയുമുള്ള സംഘടനയാക്കി മാറ്റിയതിന് വെള്ളാപ്പള്ളി നേതൃത്വപരമായ പങ്കു വഹിച്ചു. മൂന്നു പതിറ്റാണ്ട് ഒരു സമുദായ സംഘടനയെ നയിക്കാൻ കഴിഞ്ഞ ഏക നേതാവാണ്. അഭിപ്രായങ്ങൾ നിർഭയമായി തുറന്നു പറയാനുള്ള ചങ്കൂറ്റമാണ് അദ്ദേഹത്തിന്റെ കരുത്ത്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള നേതൃഗുണവും കഴിവും നിശ്ചയദാർഢ്യവും ധൈര്യവും വെള്ളാപ്പള്ളിയെ വേറിട്ടു നിറുത്തുന്നുവെന്നും വാസവൻ പറഞ്ഞു.
സമുദായത്തിന്റെ അവകാശങ്ങൾക്കായി നിർഭയനായി മുന്നിൽ നിന്ന നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അണികളുടെ വികാരം മനസിലാക്കി അവരുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ,ആരുടെയും മുഖത്തു നോക്കി കാര്യം പറയാൻ തന്റേടവുമുള്ള നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു.
എസ്.എൻ.ഡി.പി യോഗത്തിന് നിലയും വിലയും നൽകിയ നേതാവാണ് വെള്ളാപ്പള്ളിയെന്നും ,മാദ്ധ്യമങ്ങൾ ഏറ്റവുമധികം വേട്ടയാടിയതും അദ്ദേഹത്തെയാണെന്നും കെ. ബാബു എം.എൽ.എ പറഞ്ഞു.
പ്രസ്താവനകൾക്ക് പിന്നിൽ മുഖ്യമന്ത്രി: സതീശൻ
വെള്ളാപ്പള്ളി നടേശൻ ഇപ്പോൾ നടത്തുന്ന പ്രസ്താവനകൾ മുഖ്യമന്ത്രി പിണറായി വിജയൻ പറയിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് സമുദായനേതാക്കൾ പിന്മാറണം. മുഖ്യമന്ത്രി ഡൽഹിയിൽ പി.ആർ ഏജൻസികളെക്കൊണ്ട് പറയിച്ചതും സി.പി.എം നേതാക്കൾ മലപ്പുറത്തിനെതിരെ പറയുന്നതുമാണ് വെള്ളാപ്പള്ളിയും പറയുന്നത്. ഭിന്നിപ്പും വിദ്വേഷവുമുണ്ടാക്കുന്ന പ്രചാരണം ആര് നടത്തിയാലും പ്രതിപക്ഷം ചോദ്യംചെയ്യുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |