കേരളത്തിലെ ആദ്യത്തെ കർഷകത്തൊഴിലാളി പ്രസ്ഥാനമായ തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ 1942ൽ കുട്ടനാട്ടിൽ വച്ച് എന്റെ പിതാവ് വർഗീസ് വൈദ്യൻ പ്രഥമ പ്രസിഡന്റായും എസ്.കെ ദാസ് സെക്രട്ടറിയായും വി.എസ് അച്യുതാനന്ദൻ വൈസ് പ്രസിഡന്റായുമായാണ് രൂപീകൃതമായത്. ചരിത്രത്തിന്റെ സംഭരണപ്പുരകളിൽ ഇതിഹാസങ്ങൾ രചിച്ച രണധീരന്മാരുടെ വീരഗാഥകൾ കേട്ട് വളർന്നത് കൊണ്ട് ലാൽസലാമിനു ശേഷം രക്തസാക്ഷികൾ സിന്ദാബാദ് സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ അതിന്റെ സ്വിച്ച് ഓൺ കർമ്മത്തിന് എന്തുകൊണ്ടും വി.എസ് തന്നെയാണ് അനുയോജ്യനെന്ന് ഞാനും സംവിധായകൻ വേണു നാഗവള്ളിയും ഒരു പോലെ ഉറപ്പിച്ചിരുന്നു. അതിനായി ഞങ്ങൾ നേരിട്ട് അദ്ദേഹത്തെ ക്ഷണിക്കാൻ ചെന്നപ്പോൾ വളരെ ഊഷ്മളമായി സ്വീകരിച്ചു. കുട്ടനാട്ടിൽ കർഷകത്തൊഴിലാളി പ്രസ്ഥാനം പടുത്തുയർത്താൻ വൈദ്യനൊപ്പം നടത്തിയ എണ്ണമറ്റ ത്യാഗോജ്ജ്വലമായ പോരാട്ട സമരങ്ങളുടെ കഥകൾ ആവേശത്തോടെ ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നു. 1999ൽ കൽപ്പകവാടിയിൽ വച്ച് രക്തസാക്ഷികൾ സിന്ദാബാദ് എന്ന സിനിമയുടെ സ്വിച്ച് ഓൺ കർമ്മം വി.എസ് നിർവ്വഹിച്ചു.
അന്ന് ഉച്ചയ്ക്ക് എന്റെ അമ്മയുടെ ക്ഷണം സ്വീകരിച്ച് വി.എസ് ഉച്ചഭക്ഷണത്തിനായി വീട്ടിൽ വന്നു.അന്ന് അമ്മയെ കണ്ടപാടെ ‘തങ്കമ്മ ചേച്ചി എനിക്ക് എത്ര വിളമ്പിത്തന്നിട്ടുള്ളതാ’ എന്ന് പറഞ്ഞ് അമ്മയെ കെട്ടിപ്പിടിച്ച് പഴയ കാര്യങ്ങൾ ഓരോന്നും ഓർത്തെടുത്തു. പണ്ട് വി.എസ് ആലപ്പുഴയിൽ എത്തിയാൽ വൈദ്യനോടൊപ്പം മിക്കവാറും വീട്ടിൽ വന്ന് ഭക്ഷണം കഴിക്കുമായിരുന്നു. പിറ്റേ വർഷം അമ്മ മരിച്ചപ്പോൾ തൃശ്ശൂരിലായിരുന്ന അദ്ദേഹം രാവിലെ എന്നെ ഫോണിൽ വിളിച്ച് എനിക്ക് അവസാനമായി ഒരു നോക്ക് കാണണം ഞാൻ വന്നതിനു ശേഷം മാത്രമേ സംസ്കാരത്തിനായി എടുക്കാവൂ എന്ന് അറിയിച്ചു. അമ്മയുടെ ശവശരീരത്തിനു മുന്നിൽ ഒരു നിമിഷം കൈകൂപ്പി നമസ്കരിച്ച് തിരിയുമ്പോൾ കണ്ണുകളിൽ നിന്ന് കണ്ണീരിറ്റ് വീഴുന്നത് അത്ഭുതത്തോടെയാണ് ഞാൻ കണ്ടു നിന്നത്. വി.എസ്സുമായി ഏറെ ആത്മബന്ധമുള്ള ശ്രീനാരായണ പഠനകേന്ദ്രം മുൻ ഡയറക്ടർ ടി.കെ ശ്രീനാരായണ ദാസിനൊപ്പം എന്റെ മകളുടെ വിവാഹം ക്ഷണിക്കാൻ ചെന്നപ്പോൾ വി.എസ് വളരെ ക്ഷീണിതനായിരുന്നു. പൊതു പരിപാടികൾക്ക് പോകാതിരുന്ന അദ്ദേഹം വധൂവരന്മാരെ അനുഗ്രഹിക്കാൻ വിവാഹവേദിയിലെത്തി. ഒരു മുത്തച്ഛന്റെ സ്ഥാനത്ത് നിന്നു വധൂവരന്മാരെ അനുഗ്രഹിച്ചാണ് അദ്ദേഹം തിരികെ പോയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |