കണ്ണൂർ: ചിറ്റാരിപറമ്പിലെ എ.ഷിജിനയുടെ ഷെൽഫിൽ തിളങ്ങുന്ന ഒരു വെള്ളി മെഡലുണ്ട്. പാൻ ഇന്ത്യാ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ രണ്ടാമതെത്തിയതിന്റെ സമ്മാനം. ജീവിതത്തിൽ ഒട്ടനവധി വെല്ലുവിളികളെ നേരിട്ടാണ് ഈ 38കാരി ഈ മെഡലിലേക്ക് എത്തിയിരിക്കുന്നത്. ൈർഘ്യമേറിയ പരിശീലനകാലമോ, ആരുടേയും പ്രോത്സാഹനമോ ഒന്നുമില്ലാതെ പെട്ടെന്നൊരു ദിവസം പവർലിഫ്റ്റിംഗിലേക്ക് എത്തപ്പെട്ട ഈ 38കാരി ഇതാണ് തന്റെ വഴിയെന്ന് പ്രഖ്യാപിക്കുന്നു ഈ മെഡലിലൂടെ.
സ്‌കൂൾ പഠനകാലത്ത് ലോംഗ് ജമ്പ്, ഷോട്ട് പുട്ട്, ഡിസ്‌കസ് ത്രോ എന്നിവയിൽ കഴിവ് തെളിയിച്ചെങ്കിലും വീട്ടിലെ സാമ്പത്തിക പരിമിതി കഴിവുകളെ ഊട്ടിവളർത്താൻ പറ്റുന്നതായിരുന്നില്ല .ഒമ്പതാം ക്ലാസിൽ ഹോക്കിയിൽ കണ്ണൂർ സംസ്ഥാന ചാമ്പ്യൻഷിപ്പ് നേടിയപ്പോൾ ടീമിൽ ഷിജിനയുമുണ്ടായിരുന്നു. കൂടെ ടീമിലുണ്ടായിരുന്നവർ പലരും കായികരംഗത്ത് മികവ് കാട്ടി നേട്ടങ്ങൾ കൊയ്തു.സാമ്പത്തികപ്രയാസം ഷിജിനക്ക് മുന്നിൽ ഹർഡിൽ തീർത്തു.
രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയായിരിക്കെ വിവാഹം. പഠനം അതോടെ നിലച്ചു. കായിക സ്വപ്നങ്ങൾക്ക് പങ്കാളിയിൽ നിന്ന് പിന്തുണ ലഭിക്കുമെന്ന് കരുതിയെങ്കിലും നിരാശയായിരുന്നു ഫലം. രണ്ട് മക്കളുടെ അമ്മയായ ശേഷം ആ ബന്ധം അവസാനിപ്പിക്കേണ്ടി വന്നു.
വീട്ടിൽ അമ്മ പത്മാവതിയുടെ വീട്ടുജോലി വരുമാനം മാത്രമായിരുന്നു ആശ്രയം. മക്കളുടെ ഭക്ഷണവും വിദ്യാഭ്യാസവും വേറെ ചിലവ്. എന്നാൽ ഷിജിന തന്റെ സ്വപ്നങ്ങളെ കൈവിടാതെ കായികരംഗത്തേക്ക് മടങ്ങിവരണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു. നാട്ടിലെ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുത്തത് വഴിത്തിരിവായിരുന്നു. എതിരാളിയെ പരാജയപ്പെടുത്തി നാട്ടുകാരുടെ പ്രശംസ നേടി. തൊട്ടടുത്ത വർഷവും ഇത് ആവർത്തിച്ചു. കഴിഞ്ഞ മേയിൽ പവർലിഫ്റ്റിംഗിലേക്ക് തിരിഞ്ഞ ഷിജിന കണ്ണൂരിലെ മത്സരത്തിൽ ജയിച്ച് സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി. വെറും രണ്ടാഴ്ചത്തെ പരിശീലനം സംസ്ഥാനചാമ്പ്യനാക്കി. ഇതിന് ശേഷമാണ് പാൻ ഇന്ത്യ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിനെത്തിയത്. അവിടെ വെള്ളിമെഡൽ. സെപ്തംബറിൽ ബെംഗളൂരുവിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലാണ് ഷിജിനയുടെ പ്രതീക്ഷ. പക്ഷെ എൻട്രി ഫീസ്,താമസം,യാത്രാചിലവ് ,യൂണിഫോം എന്നിങ്ങനെ ഒട്ടേറെ ചിലവുകളുണ്ട്. നിലവിൽ ജിം ട്രെയിനറായി ജോലി നോക്കുന്ന ഷിജിനയ്ക്ക് സ്വന്തമായി വീടുപോലുമില്ല. കുടുംബവീട്ടിലാണ് താമസം. നാട് സഹായിച്ചാൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ തിളങ്ങാനാകുമെന്ന് ഈ യുവതി കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |