ആലപ്പുഴ: ഇന്നോളം സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ജനസഞ്ചയത്തിന് ആലപ്പുഴ സാക്ഷിയാവുകയാണ്. നിലപാട് കൊണ്ടും ജീവിതം കൊണ്ടും ജനമനസുകളിൽ ഇടം നേടിയ ആലപ്പുഴക്കാരൻ. പുന്നപ്ര എന്ന വിപ്ലവ ഭൂമിയിൽ നിന്ന് കുട്ടനാട്ടിലെ ചേറിലും ചെളിയിലും വളർന്ന പാർട്ടിയിലൂടെ കേരള രാഷ്ട്രീയത്തിലെ അതികായനായി മാറിയ ആലപ്പുഴയുടെയുടെ അഭിമാനമായ വി.എസിനെ ആലപ്പുഴ അവസാനമായി ഹൃദയപൂർവ്വം ഏറ്റുവാങ്ങി. വി.എസിന്റെ മുഖമൊന്ന് കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനസഞ്ചയമാണ് കഴിഞ്ഞ രണ്ട് ദിവസമായി ആലപ്പുഴ നഗരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വേലിക്കകത്ത് വീട്ടിലെ പൂമുഖത്ത് വി.എസ് ഇരുന്നിരുന്ന കസേരയെ വലം വച്ച് മൂകമായി മടങ്ങുകയായിരുന്നു ജനം.
ജില്ലാ കളക്ടർ അലക്സ്‌വർഗീസ് ഉച്ചയോടെയെത്തി ഒരുക്കങ്ങൾ വിലയിരുത്തി. വൈകിട്ട് മന്ത്രി സജി ചെറിയാനും, പി.പി.ചിത്തരഞ്ജനും വേലിക്കകത്തെത്തി പാർട്ടി പ്രവർത്തകരുമായും പൊലീസുമായും സംസാരിച്ച് മടങ്ങി. സ്ത്രീകൾ കൂട്ടമായെത്തി കണ്ണേ...കരളേ വീയെസേ എന്ന് മുഷ്ടികൾ ഉയർത്തി ഗേറ്റിനു മുന്നിൽ മുദ്രാവാക്യം വിളിച്ചു. വരുന്നവരെല്ലാം മുദ്രാവാക്യം വിളിയുമായി ഇവരോടൊപ്പം ചേർന്നു. സ്വന്തം വീട്ടിലെ ഒരംഗത്തെ നഷ്ടമായ വേദനയായിരുന്നു എല്ലാവരുടേയും മുഖത്ത്. മുൻ എം.പി എ.എം ആരിഫും വൈകിട്ടോടെ വേലിക്കകത്തെത്തി. വി.എസ് വേലിക്കകത്ത് വീട്ടിലെത്താൻ നേരം പുലരുമെന്നറിഞ്ഞിട്ടും സ്ത്രീകളും കുട്ടികളുമടക്കം കാത്തിരിപ്പ് തുടർന്നു. പൊതുദർശനത്തിനൊടുവിൽ ഇന്ന് വൈകിട്ട് നാല് മണിക്കാണ് സംസ്ക്കാരം നിശ്ചയിച്ചിരിക്കുന്നത്. ആലപ്പുഴയിലെത്തിയ വി.എസിന് ഇനി മടക്കയാത്രയില്ല.
റിക്രിയേഷൻ ഗ്രൗണ്ട് ഒരുങ്ങി
പൊതുദർശനത്തിനായി ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടും സി.പി.എം ജില്ലാകമ്മിറ്റി ഓഫീസും സജ്ജമാണ്. വീട്ടിൽ നിന്ന് നേരെ ഡി.സി ഓഫിസിലേക്കാണ് ഭൗതികദേഹമെത്തിക്കുക. രാവിലെ 11 മുതൽ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം. മന്ത്രിമാരുൾപ്പടെ വലിയ ജനാവലിയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. മഴയത്ത് വെള്ളക്കെട്ടിലായ ഗ്രൗണ്ട് മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ മോട്ടോറുകൾ ഉപയോഗിച്ച് വറ്റിച്ചു. കുഴികൾ രൂപപ്പെട്ടത്ത് മണ്ണിട്ടും പ്രശ്നം പരിഹരിച്ചു. റവന്യൂ, പൊലീസ് ഉൾപ്പെടെയുള്ള വിവിധവകുപ്പുകളുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. മന്ത്രിമാരും മറ്റ് രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും ഇവിടെയെത്തിയാകും അന്തിമോപചാരം അർപ്പിക്കുക. ഇവിടെ മൂന്നുമണിവരെ പൊതുദർശനം തുടരും.
നഗരത്തിൽ വിലാപയാത്ര
രാവിലെ ഒമ്പതിന് പറവൂർ വേലിക്കകത്ത് വീട്ടിൽ നിന്ന് സി.പി.എം ജില്ലാക്കമ്മിറ്റി ആസ്ഥാനമായ പി. കൃഷ്ണപിള്ള സ്മാരകത്തിലേക്ക് വിലാപയാത്ര പുറപ്പെടും. പഴയനടക്കാവ് റോഡ്, കൈതവന എന്നിവിടങ്ങളിലൂടെ പഴവീട് വഴിയാകും ജില്ലാക്കമ്മിറ്റി ആസ്ഥാനത്തേക്കെത്തുക. ഇവിടെ നിന്ന് 11 മണിക്ക് തിരുവമ്പാടി വഴി ജനറൽ ആശുപത്രി ജംഗ്ഷൻ, കളകട്രേറ്റ്, കടപ്പുറം, വനിതാ ശിശു ആശുപത്രി വഴി റിക്രിയേഷൻ മൈതാനത്തെത്തും. വൈകിട്ട് മൂന്നിന് പൊതുദർശനത്തിനുശേഷം വിലാപയാത്രയായി കണ്ണൻവർക്കി പാലത്തിലൂടെ കളകടറേറ്റ്, വലിയകുളം, പുലയൻവഴി, വലിചുടുകാട് രക്തസാക്ഷിമണ്ഡപത്തിലേക്കെത്തും. നാലിന് വലിയചുടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം.
വലിയ ചുടുകാടിൽ അന്ത്യവിശ്രമം
വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ വി.എസിന് അന്ത്യവിശ്രമം കൊള്ളാനുള്ള ചിത ഒരുങ്ങി. മഴ കണക്കിലെടുത്ത് രക്തസാക്ഷി മണ്ഡപമിരിക്കുന്ന സ്ഥലം മണ്ണിട്ട് ഉയർത്തിയിട്ടുണ്ട്. നേതാക്കളെ സംസ്കരിക്കുന്ന പതിവു സ്ഥലത്തുനിന്ന് അല്പം മാറിയാണ് വി.എസിന് ചിത ഒരുക്കിയിരിക്കുന്നത്. പതിവുസ്ഥലത്ത് വെള്ളം കെട്ടിനിൽക്കുന്നതിനാലാണിത്. രണ്ട് പന്തലുകളാണിവിടെ ഒരുക്കിയിരിക്കുന്നത്. വി.എസിനെ ഒരുനോക്ക് കാണാനായി എത്തുന്നവർക്കായി വലിയ പന്തൽ ഒരുക്കിയിട്ടുണ്ട്. ഇവിടെ ആയിരം പേരെ ഉൾക്കൊള്ളും. ബാരിക്കേഡ് തിരിച്ച് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് ഇരിക്കാൻ പ്രത്യേക സൗകര്യമുണ്ടാകും. ബീച്ചിലെ റി ക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി മൃതദേഹം വലിയ ചുടുകാട് എത്തിക്കും. ശേഷം നാലുമണിയോടെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. മന്ത്രി സജി ചെറിയാൻ, പി.പി. ചിത്തരഞ്ജൻ എം.എൽ.എ, ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ എന്നിവർ വലിയ ചുടുകാടിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി.
പൊതുദർശനം
# ഇന്ന് രാവിലെ 9 മണിവരെ സ്വവസതിയിൽ
# 9 മുതൽ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ
# 11 മുതൽ മൂന്ന് മണിവരെ റിക്രിയേഷൻ ഗ്രൗണ്ടിൽ
# 4 ന് വലിയ ചുടുകാട്ടിൽ സംസ്‌കാരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |