ആലപ്പുഴ: നാലരപതിറ്റാണ്ടായി വി.എസിന്റെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ താമസിച്ചുവരുന്ന റെജിക്ക് ചിറ്റപ്പനെങ്കിലും വി.എസ് അച്ഛനെപ്പോലെയായിരുന്നു. വി.എസിന്റെ ഭാര്യ വസുമതിയുടെ സഹോദരി തങ്കമ്മയുടെ മകനാണ് റെജി. കുത്തിയതോട് കോടന്തുരുത്തിലെ വീട്ടിൽ നിന്ന് ഒമ്പതാം വയസിലാണ് റെജി വേലിക്കകത്ത് എത്തിയത്. റെജിയുടെ സഹോദരങ്ങളിൽ ചിലരും ഇവിടെ കുട്ടിക്കാലത്ത് താമസിച്ചിട്ടുണ്ടെങ്കിലും വി.എസിനോടും വസുമതിക്കുഞ്ഞമ്മയോടുമുള്ള സ്നേഹവും അടുപ്പവും കാരണം റെജി ഇവിടെ സ്ഥിരതാമസമായി. പാർട്ടിചുമതലകളുമായി ബന്ധപ്പെട്ട് വി.എസും കുടുംബവും തലസ്ഥാനത്ത് സ്ഥിരതാമസം തുടങ്ങിയതുമുതൽ റെജിയാണ് വീട്ടിലെ ചുമതലക്കാരൻ. മാതൃഭൂമി ഓഫീസ് ജീവനക്കാരിയായ ഭാര്യ സീതയും മക്കളുമൊത്ത് വർഷങ്ങളായി ഇവിടെ കഴിയുന്ന റെജിയാണ്, 2019 വരെ വി.എസ് ആലപ്പുഴയിലെത്തുമ്പോഴെല്ലാം ഭക്ഷണമുൾപ്പെടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. മുഖ്യമന്ത്രിയായപ്പോൾ പഴ്സണൽ സ്റ്റാഫംഗം കൂടിയായിരുന്ന റെജി വി.എസ് കിടപ്പിലായശേഷവും അദ്ദേഹത്തെ തിരുവനന്തപുരത്തെത്തി കാണുമായിരുന്നു. ഇത്തവണ ആശുപത്രിയിലായശേഷം ഒരാഴ്ച മുമ്പും വി.എസിനെ സന്ദർശിച്ചെങ്കിലും ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് നിനച്ചിരിക്കെയാണ് തിങ്കളാഴ്ച വൈകുന്നേരം വിയോഗ വാർത്തയെത്തിയത്. പതിനേഴാം വയസിൽ പിതാവ് വാസു മരിച്ചെങ്കിലും മകനെപ്പോലെയാണ് റെജിയെയും കുടുംബത്തെയും വി.എസ് സ്നേഹിച്ചിരുന്നത്. റെജിയെന്ന് നീട്ടിവിളിച്ച് വേലിക്കകത്ത് വീടിന്റെ ഉമ്മറം കടന്നെത്താൻ ഇനി വി.എസില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനാകാത്ത വിതുമ്പലിലാണ് റെജി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |