ചേർത്തല: സഖാവ് ഇപ്പോഴും എന്നൊടൊപ്പം തന്നെയുണ്ട്. അത്രമേൽ ഉറച്ച ബന്ധമായിരുന്നു ഞാനുമായി... വിതുമ്പലോടെ അർജ്ജുനൻ ഓർക്കുന്നു. കാൽനൂറ്റാണ്ടിലേറെ വി.എസിന്റെ ഡ്രൈവറായിരുന്നു വയലാർ ഏറത്തറ ഇ.വി.അർജ്ജുനൻ. കർക്കശക്കാരനായിരുന്ന വി.എസിന്റെ സാരഥിയായത് പേടിയോടെയായിരുന്നു. എന്നാൽ, അനാരോഗ്യം തളർത്തുന്നതുവരെ വി.എസിന്റെ തേരുതെളിച്ചത് അർജ്ജുനൻ തന്നെയായിരുന്നു. വി.എസിനൊപ്പമുള്ള ഓരോ യാത്രയും അനുഭവവും ആവേശവുമായിരുന്നെന്ന് അർജ്ജുനൻ പറഞ്ഞു.
1996ൽ കുട്ടനാട് സന്ദർശനത്തിന് സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ കാറിലെത്തിയപ്പോൾ കാറ് പഞ്ചറായി. സ്റ്റെപ്പിനിയും പഞ്ചറായതിനാൽ ജില്ലാകമ്മിറ്റിയിലെ ഡ്രൈവറായ അർജ്ജനനെയാണ് വി.എസിന്റെ തുടർയാത്രക്കായി ജില്ലാ സെക്രട്ടറി നിയോഗിച്ചത്. പുന്നപ്രയിലെ വീട്ടിൽ വി.എസിനെ എത്തിച്ചു മടങ്ങിയെങ്കിലും പിറ്റേന്നു തിരുവനന്തപുരത്തേക്ക് എത്തിക്കാനുള്ള നിയോഗവും അർജ്ജുനനെ തേടിയെത്തി. നാളുകൾക്ക് ശേഷം 1996ൽ കോഴിക്കോട് സമ്മേളനത്തിന് ശേഷം പാർട്ടി സെക്രട്ടറിയിൽ നിന്ന് 2001ൽ വി.എസ്.പ്രതിപക്ഷ നേതാവായപ്പോൾ സാരഥിയായി നിശ്ചയിച്ചത് അർജ്ജനനെയായിരുന്നു. ജില്ലാ സെക്രട്ടറിയായിരുന്ന കെ.കെ.ചെല്ലപ്പന്റെ നിർബന്ധത്തിന് വഴങ്ങിയാണ് തുടങ്ങിയെങ്കിലും പിന്നീട് വി.എസിന്റെ സന്തതസഹചാരിയായി മാറി. വി.എസ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒടുവിൽ ഭരണപരിഷ്‌കാരകമ്മീഷൻ ചെയർമാനാകുന്നതുവരെ മുൻസീറ്റിൽ അർജ്ജുനൻ തന്നെയായിരുന്നു. 2022 ഡിസംബറിലാണ് തിരുവനന്തപുരത്തെത്തി അവസാനമായി വി.എസിനെ കണ്ടത്. സന്ദർശകർക്ക് വിലക്കുണ്ടായിരുന്നെങ്കിലും അർജ്ജനന് വീട്ടുകാർ പ്രത്യേക അനുമതി നൽകുകയായിരുന്നു. പിന്നീടു പലപ്പോഴും തിരുവനന്തപുരത്തെത്തി അദ്ദേഹത്തിന്റെ ഭാര്യ വസുമതിയെയും മക്കളെയും കണ്ടിരുന്നു. കഴിഞ്ഞ ആഴ്ചയും ആശുപത്രിയിലും വീട്ടിലും അർജ്ജുനൻ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |