തൃശൂർ: റെയിൽവേ സ്‌റ്റേഷനിലെ ബീറ്റ് ഡ്യൂട്ടിക്കെത്തിയ ടൗൺ വെസ്റ്റ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കണ്ടെത്തിയത് രണ്ട് മോഷണ വാഹനങ്ങൾ. ഉടൻ വിവരം അറിയിച്ച് വാഹനങ്ങൾ ഉടമസ്ഥർക്ക് നൽകാനുള്ള നടപടിയും സ്വീകരിച്ചു. കഴിഞ്ഞ 19നാണ് സി.പി.ഒ: ഡോ. അനീഷ് ശിവാനന്ദന് തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ ഡ്യൂട്ടി നൽകിയത്. ബീറ്റ് ഡ്യൂട്ടി ശക്തമാക്കണമെന്ന ഇൻസ്‌പെക്ടർ ഇ. അബ്ദുൾ റഹ്മാൻ നിർദേശപ്രകാരം രാവിലെ ഡ്യൂട്ടിക്കെത്തിയ അനീഷിന്റെ ശ്രദ്ധ റെയിൽവേ ഗുഡ്‌സ് ഷെഡിന്റെ ഭാഗത്ത് അശ്രദ്ധമായി നിറുത്തിയിട്ട ബൈക്കിലായി. ബൈക്കിന്റെ നമ്പർ വഴി ലഭിച്ച ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു.
ആർ.സി ഓണറിന്റെ വിലാസത്തിലുള്ള പഞ്ചായത്ത് കണ്ടെത്തി വെബ്‌സൈറ്റിൽ നിന്നും സ്ഥലം കൗൺസിലറെ വിളിച്ചു. മോട്ടോർ സൈക്കിൾ കഴിഞ്ഞ മാസം 12ന് തൃത്താല സ്റ്റേഷൻ പരിധിയിൽ കളവു പോയതാണെന്ന് ബോദ്ധ്യപ്പെട്ടു. തൃത്താല പൊലീസ് മുഖേന തൃശൂർ വെസ്റ്റ് പൊലീസിൽ നിന്നും ബൈക്ക് ഉടമസ്ഥന് കൈമാറി. അശ്രദ്ധമായി പാർക്ക് ചെയ്ത ഓട്ടോറിക്ഷ പരിശോധിച്ചപ്പോൾ പിൻ സീറ്റ് ഇളകിയും കേബിളുകൾ മുറിച്ച നിലയിലുമായിരുന്നു. സ്റ്റേഷനിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നഷ്ടപ്പെട്ട ഓട്ടോയുടെ ഫോട്ടോ ഓർമ വന്നു. ഓട്ടോ അത് തന്നെയെന്ന് ഉറപ്പുവരുത്തി അന്തിക്കാട് സ്റ്റേഷൻ മുഖേന വാഹനം കൈമാറി.
റെക്കാഡുകളും നേടി
മഹാഭാരതത്തിലെ അഞ്ചര ലക്ഷം ശ്ലോകങ്ങൾ ഏഴുമാസം കൊണ്ട് മിറർ ഇമേജ് റൈറ്റിംഗിലൂടെ പൂർത്തീകരിച്ചതിന് യൂണിവേഴ്‌സൽ റെക്കാഡ്സ് ഫോറം (യു.ആർ.എഫ്) സ്‌പെയിൻ, ഏഷ്യ എന്നിവിടങ്ങളിലെ റെക്കാഡ് നേടിയിട്ടുണ്ട് സി.പി.ഒ: ഡോ. അനീഷ് ശിവാനന്ദൻ. വേൾഡ് റെക്കാഡും ഇതിന് സ്വന്തമാക്കി.
ഇന്ത്യയിലെ ലോക റെക്കാഡ് ജേതാക്കളുടെ 1400 ഓളം പേരുള്ള സംഘടനയായ ഓൾ ഗിന്നസ് റെക്കാഡ് ഹോൾഡേഴ്‌സ് അസോസിയേഷന്റെ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പട്ടിട്ടുണ്ട്.
കൂടുതൽ സമയം ചെലവഴിച്ച് ലോക റെക്കാഡ് നേടിയവർക്ക് ലോകത്തിൽ ഒരു വർഷത്തിൽ അമ്പതുപേർക്ക് മാത്രം നൽകുന്ന ഓണററി ഡോക്ടറേറ്റ് 2015ലാണ് ലഭിച്ചത്. കേരള പൊലീസിൽ നിന്നും സർവകലാശാല നൽകുന്ന ഓണററി ഡോക്ടേറ്റ് ലഭിക്കുന്ന ആദ്യത്തെ പൊലീസുകാരനുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |