കൊച്ചി: കൊച്ചി സൈബർ പൊലീസ് യു.പിയിലെ വാരാണസിയിൽ നിന്ന് പിടികൂടിയ എം. പരിവാഹൻ സൈബർ തട്ടിപ്പ് സംഘത്തിലെ രണ്ടു പ്രതികളെ കോടതി റിമാൻഡ് ചെയ്തു. തിങ്കാഴ്ച രാത്രി കൊച്ചിയിൽ എത്തിച്ച വാരാണസി സ്വദേശികളായ അതുൽകുമാർ സിംഗ് (32), മനീഷ് യാദവ് (24) എന്നിവരെ ഇന്നലെ രാവിലെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാൻ ഒരുങ്ങുകയാണ് സൈബർ പൊലീസ്. കേസിലെ മുഖ്യസൂത്രധാരനായ 16കാരൻ അടുത്ത ദിവസം കൊച്ചി സൈബർ പൊലീസിന് മുന്നിൽ ഹാജരാകും. പ്രായപൂർത്തിയാകാത്തതിനാൽ ഇയാൾക്ക് ഉടൻ കൊച്ചിയിൽ എത്തണമെന്ന നോട്ടീസ് നൽകിയിരുന്നു.
കൊച്ചി സിറ്റിയിൽ മാത്രം 96 പരാതികളാണ് ലഭിച്ചിട്ടുള്ളത്. കേരളത്തിൽ ആകെ 575 ആളുകൾക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പണം നഷ്ടമായിട്ടുണ്ട്. രാജ്യമൊട്ടാകെ ഇത്തരത്തിലുള്ള തട്ടിപ്പു നടക്കുന്നുണ്ടെന്ന് മനസിലാക്കിയതിനെ തുടർന്ന് സൈബർ അസി. കമ്മിഷണർ സുൽഫിക്കറിന്റെ മേൽനോട്ടത്തിൽ അന്വേഷണം വേഗത്തിലാക്കി. പ്രതികളുടെ ഐ.പി വിലാസവും ഫോൺ നമ്പരുകളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രത്യേക സംഘത്തെ വാരാണസിയിൽ എത്തിച്ചത്. 10 ദിവസം ഉത്തരേന്ത്യയിൽ തമ്പടിച്ച് വേഷംമാറിയാണ് പൊലീസ് രാജ്യവ്യാപക തട്ടിപ്പ് സംഘത്തെ പൂട്ടിയത്.
കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ മോട്ടോർ വാഹനവകുപ്പിന്റെ വെബ് സൈറ്റുകൾ ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പു നടത്തിയത്. കോടികളുടെ തട്ടിപ്പ് പ്രതികൾ നടത്തിയിട്ടുണ്ടാകാം എന്നാണ് നിഗമനം. ഇങ്ങനെ ലഭിച്ചിരുന്ന പണം ആഡംബര ജീവിതം നയിക്കുന്നതിനും ക്രിപ്‌റ്റോ കറൻസി ഉൾപ്പെടെയുള്ള വാങ്ങാനും ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |