കൊല്ലം: വി.എസ് വീണ്ടും കൊല്ലത്തേക്കെത്തി. പകൽസൂര്യനേക്കാൾ ശോഭയുള്ള ചെന്താരകമായി. കൊല്ലത്തിന്റെ ഹൃദയധമനികളിലൂടെ വി.എസ് ജന്മനാട്ടിലേക്ക് നീങ്ങിയപ്പോൾ കൊല്ലത്തുകാർ രാവാകെ ഹൃദയം പൊട്ടിവിളിച്ചു, ഇല്ല ഇല്ല മരിക്കുന്നില്ല, സഖാവ് വി.എസ് മരിക്കുന്നില്ല...
വി.എസിന്റെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര ഇന്നലെ വൈകിട്ട് അഞ്ചോടെ ജില്ലാ അതിർത്തിക്ക് സമീപത്തുള്ള പാരിപ്പള്ളിയിൽ എത്തുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടൽ. പക്ഷെ തിരുവനന്തപുരം ജില്ലയിലെ ദേശീയപാതയോരങ്ങളിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങൾ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു.
രാത്രി 12.30 ഓടെയാണ് വിലാപയാത്ര ജില്ലാ അതിർത്തിയിലെത്തിയത്. പതിവ് പോലെ കണ്ണേ...കരളേ... എന്ന് ആർത്തുവിളിച്ചാണ് കൊല്ലം വി.എസിനെ കാണനെത്തിയത്. ആ വിളികൾ രാത്രി ഏറെ വൈകി വി.എസ് ആലപ്പുഴയിലേക്ക് കടക്കും വരെ തുടർന്നു.
കൈകളിൽ അരുളിപ്പൂക്കളുമായി പ്രായമായവരും ചെറുപ്പക്കാരും കുട്ടികളും മണിക്കൂറുകളോളമാണ് ദേശീയപാതയോരത്ത് വി.എസിനെ അവസാനമായി കാണാൻ കാത്തുനിന്നത്. അങ്ങകലെ വിലാപയാത്ര ചെറുബിന്ദുവോലെ കണ്ണിൽ പതിഞ്ഞപാടെ തിരയിരമ്പം പോലെ അവർ വിളിച്ചുതുടങ്ങി. ഞങ്ങടെ ചങ്കിലെ തീയാണേ... ഇല്ലയില്ല മറയില്ല. സഖാവ് വി.എസ് മരിച്ചിട്ടില്ല... അവരിൽ ചിലരുടെ ചോര തിളയ്ക്കുന്നുണ്ടായിരുന്നു. ചിലർ വിതുമ്പുണ്ടായിരുന്നു. മറ്റ് ചിലരുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അതിൽ ബഹുഭൂരിപക്ഷവും രാഷ്ട്രീയമില്ലാത്തവരായിരുന്നു. അവരിൽ പലരും വിലാപയാത്രയ്ക്കൊപ്പം ഏറെ ദൂരം നടന്നു.
ജില്ലയിൽ പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, ചിന്നക്കട, കാവനാട്, ചവറ, കരുനാഗപ്പള്ളി, ഓച്ചിറ എന്നിങ്ങനെ എട്ട് കേന്ദ്രങ്ങളിൽ മാത്രമാണ് വിലാപയാത്ര നിറുത്തി വി.എസിന് അന്ത്യാഭിവാദ്യം അർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നത്. എന്നാൽ തിരുവനന്തപുരത്തുകാരെപ്പോലെ കൊല്ലത്തുകാരും കണക്കുകൂട്ടൽ തെറ്റിച്ചു. കാത്തുനിന്ന നൂറുകണക്കിന് പേർക്കായി വഴിയോരങ്ങളിൽ പലയിടത്തും വിലാപയാത്ര നിറുത്തേണ്ടിവന്നു. ഒടുവിൽ മണിക്കൂറുകൾ പിന്നിട്ടാണ് വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചത്.
ഇങ്ങനെയൊരു വിലാപയാത്ര കൊല്ലത്തിന്റെ ചരിത്രത്തിലാദ്യമാണ്. ഒരു നേതാവിനെയും ഇങ്ങനെ കൊല്ലത്തുകാർ ഉറക്കമിളച്ച് കാത്തിരുന്നിട്ടില്ല. ഉറക്കമിളച്ച് യാത്രാമൊഴി നൽകിയിട്ടില്ല.
ഈ കാത്തിരിപ്പ് പുതുമയല്ല
വി.എസിനായി രാത്രി വൈകിയുള്ള കാത്തിരിപ്പ് കൊല്ലത്തുകാർക്ക് പുതുമയല്ല. വി.എസിനെ കാണാൻ, വി.എസിന്റെ പ്രസംഗം കേൾക്കാൻ കൊല്ലത്തുകാർ നേരത്തെ പലതവണ കാത്തിരിന്നിട്ടുണ്ട്. അതിൽ സി.പി.എമ്മുകാർ മാത്രമായിരുന്നില്ല. രാഷ്ട്രീയമില്ലാത്ത സാധാരണക്കാരും പാവങ്ങളും ഉണ്ടാകുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |