മുംബയ്: കഴിഞ്ഞ കുറച്ചുനാളുകളായി വിവിധ പ്രമുഖ ഐടി കമ്പനികളിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്നത് തുടരുകയാണ്. അത്തരത്തിൽ അടുത്തിടെ തന്നെ നൂറുകണക്കിന് ട്രെയിനി ജീവനക്കാരെയാണ് ഐടി കമ്പനിയായ ഇൻഫോസിസ് പിരിച്ചുവിട്ടത്. ജീവനക്കാർക്ക് നൽകുന്ന ശമ്പളം തന്നെയാണ് പ്രധാന കാരണം. ഒരു സമയത്ത് മികച്ച ശമ്പളമാണ് ഇൻഫോസിസിൽ ജോലിയിൽ പ്രവേശിക്കുന്നവർക്ക് ലഭിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇൻഫോസിസിൽ പുതുതായി എത്തുന്ന ജീവനക്കാരുടെ ശമ്പളത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്നാണ് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇൻഫോസിസ് മാത്രമല്ല ഭീമൻ ഐടി കമ്പനിയായ ടിസിഎസിന്റെ അവസ്ഥയും സമാനമാണ്. സാധാരണയായി ഇൻഫോസിസിൽ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്ന ഒരു ജീവനക്കാരന് പ്രതിവർഷം മൂന്ന് മുതൽ മൂന്നര ലക്ഷം രൂപ വരെയാണ് ശമ്പളമായി ലഭിക്കുക. ഈ നിരക്കിൽ ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല.
ജീവനക്കാരുടെ പ്രവൃത്തിപരിചയം, യോഗ്യത എന്നിവ അടിസ്ഥാനമാക്കിയാണ് ഇൻഫോസിസിൽ ശമ്പളം നിശ്ചയിക്കുക. സോഷ്യൽ മീഡിയ ജോബ് പ്ലാറ്റ്ഫോമുകളായ ഇൻഡീഡിലെ ചില വിവരങ്ങൾ അനുസരിച്ച് സിസ്റ്റം എഞ്ചിനീയറായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് പ്രതിവർഷം 3.7 ലക്ഷം രൂപ വരെയാണ് ശമ്പളം ലഭിക്കുക. അതുപോലെ ടെസ്റ്റ് എഞ്ചിനീയർ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് പ്രതിവർഷം 4.3 ലക്ഷം വരെ ശമ്പളം ലഭിച്ചേക്കാം. എന്നാൽ സോഫ്റ്റ്വെയർ ഡെവലപ്പറായി ജോലി ചെയ്യുന്നവർക്ക് പ്രതിവർഷം 6.4 മുതൽ 9.5 ലക്ഷം വരെ ശമ്പളമുണ്ടാകും.
ഈ ശമ്പളം കമ്പനി സ്ഥിതി ചെയ്യുന്ന നഗരങ്ങൾ അനുസരിച്ച് മാറിയേക്കും. ബംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരുടെ ശമ്പളത്തിൽ വ്യത്യാസങ്ങൾ ഉണ്ടാകും. അനുവദിച്ചിരിക്കുന്ന തൊഴിൽ സമയത്തിന് മുകളിൽ ജോലി ചെയ്യുകയാണെങ്കിൽ ജീവനക്കാർക്ക് ഓവർടൈം ഇനത്തിലും അധികം ശമ്പളം ലഭിക്കാറുണ്ട്. അതുപോലെ കൂടുതൽ ആനുകൂല്യങ്ങളും ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |